ഹൂതി വിമതരുടെ ആക്രമണത്തിന് പിന്നാലെ ജിദ്ദയിലെ എണ്ണ സംഭരണശാലയിൽ വൻ തീപിടിത്തം; തിരിച്ചടിച്ച് സൗദി
റിയാദ്: സൗദി അറേബ്യയിലെ എണ്ണ സംഭരണശാലയ്ക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം. ഡ്രോണുകളും ബാലസ്റ്റിക് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് എണ്ണ സംഭരണശാലയ്ക്ക് വൻ തീപ്പിടത്തമുണ്ടായി. അരാംകോയിലെ രണ്ട് ടാങ്കുകൾക്കാണ് തീ പിടിച്ചത്.അതേസമയം ആളപായമില്ലെന്നും തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞുവെന്നും സൗദി അറേബ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൂതി വിമതർ ജിദ്ദയിലേക്ക് വിക്ഷേപിച്ച ഏഴ് ഡ്രോണുകളും ഒരു മിസൈലും സൗദി സേന തകർത്തതായും വാർത്തകളുണ്ട്.ഞായറാഴ്ച ഫോർമുല വൺ മത്സരത്തിന് ആതിഥേയത്വം വഹിക്കാനിരിക്കെയാണ് വേദിക്ക് സമീപം ആക്രമണമുണ്ടായത്. മുൻനിശ്ചയിച്ച പ്രകാരം മത്സരം അതേ ദിവസം നടത്താൻ തന്നെയാണ് അധികൃതരുടെ തീരുമാനം.എണ്ണ ശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയും ഹൂതി കേന്ദ്രങ്ങളിലേക്ക് തിരിച്ചടിച്ചു. യെമന്റെ തലസ്ഥാനമായ സനായിലും തുറമുഖനഗരമായ ഹുദെയ്ദായിലുമാണ് സൗദി വ്യോമാക്രമണം നടത്തിയത്. ഹുദെയ്ദായിലെ വൈദ്യുതി നിലയവും ഇന്ധനസംഭരണ ശാലയും തകർത്തതായി സൗദി സേന അറിയിച്ചു.