ഭർത്താവ് അടുത്തില്ല, സ്വകാര്യ ജീവിതത്തിന് മകൻ തടസം; ആഹാരം വായിൽ കുത്തിക്കയറ്റി കൊലപ്പെടുത്തി അമ്മ
ഊട്ടി: മകനെ ആഹാരം വായിൽ കുത്തിക്കയറ്റി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി മാതാവ് അറസ്റ്റിൽ. ഊട്ടി വണ്ണാർപ്പേട്ടയിൽ താമസിക്കുന്ന ഗീതയാണ് (40) അറസ്റ്റിലായത്. തന്റെ ഒരു വയസുള്ള മകൻ നിധീഷിനെയാണ് ഇവർ കൊലപ്പെടുത്തിയത്. ഫെബ്രുവരി 14ലായിരുന്നു കേസിനാസ്പദമായ സംഭവം.അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിക്കുകയായിരുന്നു. സംശയം തോന്നി ഡോക്ടർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് അസ്വാഭാവികമരണത്തിന് കേസെടുത്തു. ഗീത അറിയാതെ പൊലീസ് അന്വേഷണം തുടരുകയായിരുന്നു.ചില തെളിവുകൾ ലഭിച്ചതോടെ ഗീതയെ ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഗീത ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയാണ്. തന്റെ സ്വകാര്യ ജീവിതത്തിന് കുട്ടി തടസമായതിനാൽ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി. മരണം സ്വാഭാവികമാണെന്ന് വരുത്താൻ വേണ്ടിയായിരുന്നു ആഹാരം വായിൽ കുത്തിക്കയറ്റിയതെന്ന് ഗീത പൊലീസിനോട് പറഞ്ഞു.