പാകിസ്ഥാൻ വിഷയത്തിൽ ഇടപെടരുത്, ഉടൻ സൈന്യത്തെ പിൻവലിക്കണം; ഇന്ത്യ-ചൈന കൂടിക്കാഴ്ചയിൽ ആവശ്യമുന്നയിച്ച് ഇന്ത്യ
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിൽ ഇന്ത്യ- ചൈന ബന്ധം സംബന്ധിച്ച പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. കൂടിക്കാഴ്ച മൂന്ന് മണിക്കൂറോളം നീണ്ടിരുന്നു.അഭിലഷണീയമായതിലും മന്ദഗതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും അതിർത്തിയിലെ സംഘർഷം മൂലം ചൈനയുമായുള്ള ബന്ധം സാധാരണ നിലയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തിയിൽ സമാധാനം നിലനിർത്താൻ പൂർണമായും ചൈനീസ് സൈനികർ പിൻവാങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.ഇന്ത്യ- ചൈന അതിർത്തി പ്രശ്നങ്ങൾ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ഉന്നതതല കൂടിക്കാഴ്ച നടക്കുന്നത് രണ്ട് വർഷത്തിനിപ്പുറവും. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു വാങ് യി ഇന്ത്യയിൽ എത്തിയത്.2020 ഏപ്രിൽ മുതൽ ചൈനയുമായി ഉടലെടുത്ത സംഘർഷങ്ങൾ, പിരിമുറുക്കങ്ങൾ എന്നിവ സാധാരണ ഒരു ചർച്ചയിലൂടെ പരിഹരിക്കാനാവില്ല. വിശദമായ ചർച്ചകളിലൂടെ മാത്രമേ സമാധാനത്തിന്റെ പുനഃസ്ഥാപനം സാദ്ധ്യമാവുകയുള്ളൂവെന്നും ജയശങ്കർ പറഞ്ഞു. ലഡാക്കിലെ പല പ്രദേശങ്ങളിലും ഇപ്പോഴും സംർഷങ്ങൾ നിലനിൽക്കുകയാണ്. ഇതിന് ഒരു പരിഹാരമാണ് ചർച്ചയിലൂടെ കണ്ടെത്താൻ ശ്രമിച്ചതെന്നും നിലവിലെ സാഹചര്യത്തിൽ മാറ്റം വരുത്താൻ ഏകപക്ഷീയമായ ശ്രമങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്പര ബഹുമാനം, താത്പര്യം, സംവേദന ക്ഷമത എന്നിവയിലൂടെ മാത്രമേ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂവെന്നു ജയശങ്കർ പ്രതികരിച്ചു.പാകിസ്ഥാൻ സന്ദർശനത്തിനിടെ വാങ് യി കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ അനുകൂല പ്രസ്താവന നടത്തിയതിന്റെ അതൃപ്തിയും ഇന്ത്യ വ്യക്തമാക്കി. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും അതിൽ ചൈന ഇടപെടേണ്ടതില്ലെന്നും ഇന്ത്യ അറിയിച്ചു. ഇന്ത്യയുമായി ബന്ധപ്പെട്ട് ചൈന സ്വതന്ത്ര നയം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മറ്റ് രാജ്യങ്ങൾ ഇക്കാര്യത്തിൽ സ്വാധീനിക്കുന്നത് ചൈന തടയുമെന്ന് കരുതുന്നുവെന്നും കൂടിക്കാഴ്ചയിൽ ജയശങ്കർ വ്യക്തമാക്കി. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായും വാങ് യി ചർച്ച നടത്തിയിരുന്നു. ഔദ്യോഗിക അറിയിപ്പൊന്നും കൂടാതെയായിരുന്നു വാങ് യി ഇന്ത്യയിൽ സന്ദർശനം നടത്തിയത്.