ദേശീയ പണിമുടക്ക്; തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗയക്കുറി വകുപ്പ്(Kerala lottery) തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്താനിരുന്ന നറുക്കെടുപ്പുകൾ മാറ്റിവച്ചു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
28 തിങ്കളാഴ്ച നടത്താനിരുന്ന വിൻവിൻ, 29 ചൊവ്വാഴ്ച നടത്താനിരുന്ന സ്ത്രീശക്തി എന്നീ ഭാഗ്യക്കുറി നറുക്കെടുപ്പുകളാണ് മാറ്റിവച്ചത്. ഈ നറുക്കെടുപ്പുകൾ യഥാക്രമം ഏപ്രിൽ മാസം 3,10 തീയതികളിൽ ഉച്ചയ്ക്കുശേഷം 3 മണിക്ക് നടക്കുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു.
അതേസമയം, രാജ്യത്ത് അടുത്ത നാല് ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും. നാളെ മുതൽ നാല് ദിവസമാണ് ബാങ്കുകൾ അടഞ്ഞുകിടക്കുക. ശനി, ഞായർ അവധി ദിവസങ്ങളും പിന്നീടുള്ള രണ്ട് ദിവസം ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്കിൽ ബാങ്ക് ജീവനക്കാരും അണിചേരുന്നതാണ് തടസം. ഓൺലൈൻ ഇടപാടുകളെ സമരം ബാധിക്കാനിടയില്ല. എന്നാൽ നേരിട്ട് ബാങ്കിൽ ചെല്ലേണ്ടവർക്കും ഓൺലൈൻ ഇടപാട് പരിചയമില്ലാത്ത ഉപഭോക്താക്കളെയും ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് സാരമായി ബാധിക്കും. ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫെഡറേഷന് ഓഫ് ബാങ്ക് യൂണിയൻ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.