കല്ലിടൽ മുടങ്ങി; പ്രതിഷേധങ്ങൾക്കിടെ മുന്നോട്ട് പോകാനാകില്ലെന്ന് സർവേ ഏജൻസി; സർവേ നിറുത്തി വയ്ക്കില്ലെന്ന് കെ റെയിൽ
കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി നടക്കുന്ന കല്ലിടൽ നടപടികൾ എറണാകുളത്ത് നിറുത്തി വച്ചു. പ്രതിഷേധങ്ങൾക്കിടെ മുന്നോട്ട് പോകാനാകില്ലെന്ന് സർവേ ഏജൻസി വ്യക്തമാക്കിയതോടെയാണ് താത്കാലികമായി കല്ലിടൽ നിറുത്തി വയ്ക്കേണ്ടി വന്നത്. ഈ രീതിയിൽ തുടരാനാകില്ലെന്നും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും ഏജൻസി കെ റെയിലിനെ അറിയിച്ചു. ജീവനക്കാരെ അടക്കം കൈയേറ്റം ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.ഇന്നലെ വൈകിട്ട് പിറവത്ത് നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് സർവേ ഏജൻസി പുതിയ തീരുമാനത്തിലേക്ക് പോയത്. ഒരു തരത്തിലും സർവേ നടപടികളുമായി മുന്നോട്ട് പോകാനികില്ലെന്നാണ് ഏജൻസിയുടെ നിലപാട്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സമരക്കാർ തടഞ്ഞിരുന്നു. സ്ഥലത്തെത്തിയ ജീവനക്കാരെ വാഹനത്തിൽ നിന്നും പുറത്തിറങ്ങാനും അനുവദിച്ചിരുന്നില്ല.ജീവന് പോലും സുരക്ഷയില്ലാത്ത സമയത്ത് മുന്നോട്ട് സർവേ നടപടികളുമായി ഇല്ലെന്നാണ് സർവേ ഏജൻസി കെ റെയിലിനെ അറിയിച്ചിരിക്കുന്നത്. അതേസമയം, വടക്കൻ കേരളത്തിലും ഇന്ന് സർവേ നടക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി കോൺഗ്രസ് തീരും വരെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കണ്ണൂരിൽ സർവേ നീട്ടാനും ആലോചനയുണ്ട്.തിരുനാവായയിലും തവനൂരിലും ജനങ്ങൾ സംഘടിതരാണെന്ന സൂചന സ്പെഷ്യൽ ബ്രാഞ്ച് നൽകിയതോടെ അവിടെയും സർവേ നടപടികൾ നിറുത്തി വച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്ന് സർവേ നടപടികൾ മുടങ്ങിയതോടെ വിശദീകരണവുമായി കെ റെയിൽ അധികൃതരും എത്തിയിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ സർവേ നിറുത്തിവയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ജില്ലാ തലങ്ങളിൽ സാഹചര്യം നോക്കി മുന്നോട്ട് പോകുമെന്നുമാണ് അധികൃതരുടെ വിശദീകരണം.