കെ-റെയിൽ: പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കുന്നത് ശരിയല്ലെന്ന് ചങ്ങനാശേരി അതിരൂപത, പാർട്ടി കോൺഗ്രസ് കഴിയും വരെ കണ്ണൂരിൽ സർവേയില്ല
കോട്ടയം: കെ-റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ചങ്ങനാശേരി അതിരൂപത രംഗത്തെത്തി. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നോക്കുന്നത് ശരിയല്ലെന്നും സർക്കാർ ജനങ്ങളുടെ വികാരം മറക്കുന്നു എന്നുമാണ് പ്രധാന വിമർശനം. പ്രതിഷേധങ്ങളെ അധികാരവും ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നതെന്നും അതിരൂപത പറയുന്നു. മത, സമുദായിക നേതാക്കൾ പ്രതിഷേധക്കാരെ സന്ദർശിക്കുന്നതിനെതിരെ വിമർശനമുയർത്തുന്നതിനെയും അതിരൂപത കുറ്റപ്പെടുത്തുന്നുണ്ട്. കെ- റെയിലിന്റെ തണലില്‍ രാഷ്ട്രീയലാഭം കൊയ്യാനാണ് വിമർശിക്കുന്നവരുടെ ശ്രമം എന്നും അതിരൂപത കുറ്റപ്പെടുത്തുന്നു.അതേസമയം, കെ-റെയിൽ സർവേയ്ക്കെതിരെ ഇന്നും സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. കോൺഗ്രസും ബി ജെ പിയും സമരം ഏറ്റെടുത്തിരിക്കുകയാണ്. പ്രതിഷേധം ശക്തമായതോടെ വടക്കൻ കേരളത്തിൽ സർവേ തൽക്കാലം നിറുത്തിവച്ചിരിക്കുകയാണ്. എറണാകുളത്തും സർവേ താൽക്കാലികമായി നിറുത്തിയിട്ടുണ്ട്. പാർട്ടികോൺഗ്രസ് തീരുംവരെ കണ്ണൂരിൽ സർവേ നീട്ടി വയ്ക്കുന്നതിനെക്കുറിച്ചും അധികൃതർ ആലോചിക്കുന്നുണ്ട്.അതിനിടെ, പ്രതിഷേധങ്ങൾ കനക്കുന്നതിനാൽ ഈ രീതിയിൽ മുന്നോട്ടുപോകാനാവില്ലെന്ന് സർവേ നടത്തുന്ന ഏജൻസി കെ- റെയിൽ അധികൃതരെ അറിയിച്ചിട്ടുണ്ട്. പൊലീസ് സുരക്ഷ ഒരുക്കണമെന്നാണ് അവരുടെ ആവശ്യം.