പാർക്ക് ചെയ്തിരുന്ന ലോറിയിൽ തൂങ്ങി മരിച്ച നിലയിൽ ഡ്രൈവറെ കണ്ടെത്തി, ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ്
തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിള കിൻഫ്ര ഫിലിം പാർക്കിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറിയിൽ തൂങ്ങി മരിച്ച നിലയിൽ ലോറിയുടെ ഡ്രൈവറെ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സുജിത് ആണ് മരിച്ചത്. 31 വയസായിരുന്നു. രണ്ട് മാസം മുമ്പായിരുന്നു സുജിത്തിന്റെ വിവാഹം കഴിഞ്ഞത്. ലോറിയുടെ വശത്ത് തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലോറിയിൽ തന്നെയുണ്ടായിരുന്ന കയർ ഉപയോഗിച്ചാണ് സുജിത് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.ലോറിക്കുള്ളിൽ നിന്ന് മദ്യകുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സുജിത്ത് ആത്മഹത്യ ചെയ്തതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.കഴക്കൂട്ടത്തേക്ക് ഗ്ലാസുമായി വന്ന ലോറിയുടെ ഡ്രൈവറായിരുന്നു സുജിത്. ലോഡുമായി വന്നപ്പോൾ ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നതെന്ന് കടക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് ലോറി തിരുവനന്തപുരത്ത് എത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.