സിഎസ്കെയുടെ പ്രിയപ്പെട്ട തല നായകസ്ഥാനം ഒഴിയുന്നു; ധോണിക്ക് പകരം ചെന്നൈയെ ഇനി നയിക്കുക ജഡേജ
ചെന്നൈ: ഐപിഎല്ലിന്റെ 15ാം സീസൺ മറ്റന്നാൾ തുടങ്ങാനിരിക്കെ ആരാധകർക്ക് വേദനാജനകമായ തീരുമാനവുമായി ചെന്നൈ സൂപ്പർ കിംഗ്സ് രംഗത്ത്. ഐപിഎല്ലിലെ ഏറ്റവും മികച്ച ഫിനിഷറും ആരാധകരുടെ പ്രിയപ്പെട്ട തലയുമായ ധോണി ടീമിന്റെ ക്യാപ്ടൻ സ്ഥാനം ഒഴിയുന്നു. രവീന്ദ്ര ജഡേജയാണ് സിഎസ്കെയുടെ പുതിയ നായകൻ. ടീമിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ക്യാപ്ടൻ സ്ഥാനം ജഡേജയ്ക്ക് കൈമാറാൻ ധോണി തന്നെ താത്പര്യപ്പെട്ടുവെന്നാണ് ടീം അറിയിക്കുന്നത്.2008ൽ പ്രഥമ ഐപിഎൽ സീസൺ മുതൽ 15 സീസണുകളിൽ 12 ലും ചെന്നൈയെ നയിച്ചത് ധോണിയായിരുന്നു. അതിൽ തന്നെ നാല് സീസണിൽ ടീമിന് കിരീടം നേടിക്കൊടുത്തതും അദ്ദേഹമാണ്. ഐപിഎല്ലിൽ 220 മത്സരങ്ങളിലാണ് ധോണി നായകനായത്. അതിൽ 121 ലും ജയം കൈവരിച്ചു. ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞെങ്കിലും ഈ സീസണിലും അടുത്ത സീസണിലും അദ്ദേഹം ടീമിൽ കളിക്കാരനായി തുടരുമെന്നും ടീം അറിയിച്ചു.പുതിയ ക്യാപ്ടനായി രവീന്ദ്ര ജഡേജയെ നിർദ്ദേശിച്ചതും ധോണി തന്നെയാണ്. സുരേഷ് റെയ്നയ്ക്കും ധോണിക്കും ശേഷം സിഎസ്കെയെ നയിക്കുന്ന മൂന്നാമത്തെ ക്യാപ്ടനാകും ജഡേജ. രാജസ്ഥാൻ റോയൽസിൽ നിന്നാണ് ജഡേജ കരിയർ തുടങ്ങിയത്. സിഎസ്കെയുടെ ഓൾ റൗണ്ടറായാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്.