ഇന്ന് ഭൂമിക്കരികിലൂടെ കടന്നു പോകുന്നത് അര കിലോമീറ്റർ വിസ്താരമുള്ള ഛിന്നഗ്രഹം; അപകട സാധ്യതയുള്ള ഇത് കടന്നു പോകുന്നത് രണ്ടാം തവണ
കാലിഫോർണിയ: ഏകദേശം ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിനോളം വലിപ്പമുള്ളതും അപകട സാദ്ധ്യതയുള്ളതുമായ ഒരു ഛിന്നഗ്രഹം ഇന്ന് (മാർച്ച് 24) ഭൂമിക്ക് സമീപത്തു കൂടെ കടന്നുപോവുമെന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (ജെപിഎൽ). ഭൂമിയിൽ പതിച്ചാൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടാക്കാൻ കഴിവുള്ള ഈ ഛിന്നഗ്രഹത്തിന് ആസ്റ്റ്റോയിഡ് 2013 ബി 076 എന്നാണ് ശാസ്ത്ര ലോകം പേരിട്ടിരിക്കുന്നത്. ഏകദേശം അര കിലോമീറ്റർ (450 മീറ്റർ) വിസ്താരമുള്ള ഈ ഛിന്നഗ്രഹം മണിക്കൂറിൽ 49,513.45 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നത്. വലിപ്പത്തിൽ ചെറുതായി തോന്നുമെങ്കിലും ഇത് സഞ്ചരിക്കുന്ന വേഗത പരിഗണിക്കുമ്പോൾ ഭൂമിയിൽ വലിയ നാശനഷ്ടമുണ്ടാക്കാൻ ഈ വലിപ്പം തന്നെ ധാരാളമാണെന്നാണ് നാസ പറയുന്നത്.അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ വിഭാഗത്തിൽപെടുത്തിയിരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിക്ക് 51,11,759 കിലോമീറ്റർ അകലെയായിട്ടാണ് കടന്നു പോകുന്നത്. ഈ ഛിന്നഗ്രഹം ഇത് രണ്ടാം തവണയാണ് ഭൂമിക്ക് അടുത്തുകൂടെ കടന്നു പോകുന്നത്. 2013 ലും ഇത് ഭൂമിക്കടുത്തുകൂടെ പോയിട്ടുണ്ട്. അന്ന് ഇത് 78,88,295 കിലോമീറ്റർ ദൂരത്തിലാണ് കടന്നു പോയത്. 2033 ജൂലൈ 14 നും ഇതേ ഛിന്നഗ്രഹം ഭൂമിയെ കടന്നു പോകുമെന്നും നാസ അറിയിച്ചു. അന്ന് ഇത് ഭൂമിയിൽ നിന്നും 1,91,85,926 കിലോമീറ്റർ അകലെക്കൂടിയായിരിക്കും കടന്നു പോവുകയെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.asteroid-2013b076ഭൂമിയുടെയും ഛിന്നഗ്രഹത്തിന്റെയും ഭ്രമണപഥത്തിന്റെ ചിത്രവും നാസ പുറത്തുവിട്ടു. ചിത്രത്തിൽ വെള്ള നിറത്തിൽ കാണിച്ചിരിക്കുന്നത് ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥവും ഇളം നീല നിറത്തിലുള്ളത് ഭൂമിയുടെ ഭ്രമണപഥവുമാണ്. ഒപ്പം ബുധന്റെയും (മജന്ത), ശുക്രന്റെയും (ഇളം വയലറ്റ്), ചൊവ്വയുടെയും (ചുവപ്പ്) ഭ്രമണപഥങ്ങളും ചിത്രത്തിൽ കാണാം.