ക്ളിഫ് ഹൗസിൽ കെ റെയിൽ കല്ല് നാട്ടി ബി ജെ പി പ്രവർത്തകർ; പൊലീസ് അറിഞ്ഞത് മുദ്രാവാക്യം വിളി കേട്ടപ്പോൾ മാത്രം
തിരുവനന്തപുരം: കെ റെയിൽ പ്രതിഷേധ സമരത്തിന്റെ ഭാഗമായി ബി ജെ പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ റെയിൽ കല്ലുകൾ പിഴുത് ക്ളിഫ് ഹൗസിൽ സ്ഥാപിച്ചു. പത്തോളം യുവമോർച്ച പ്രവർത്തകർ മതിൽ ചാടിക്കടന്ന് ക്ളിഫ് ഹൗസിന്റെ പിൻവശത്ത് കൂടി പ്രവേശിച്ച് കല്ലുകൾ സ്ഥാപിക്കുകയായിരുന്നു.കല്ലുകൾ സ്ഥാപിച്ചതിന് പിന്നാലെ ബി ജെ പി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചപ്പോഴാണ് പൊലീസ് വിവരമറിയുന്നത്. ഇതോടെ പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മുരുക്കുംപുഴയിൽ നിന്നാണ് വി വി രാജേഷിന്റെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. ഇവിടെ നിന്ന് പറിച്ച കല്ല് ക്ളിഫ് ഹൗസിൽ നാട്ടുകയായിരുന്നു.മുരുക്കുംപുഴയിൽ നിന്ന് കല്ലുകൾ പിഴുത് മഹിളാ മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ ബൈക്ക് റാലിയായിട്ടായിരുന്നു പ്രവർത്തകർ നഗരത്തിലേക്ക് എത്തിയത്. എല്ലാ മന്ത്രിമാരുടെയും വീടുകളിൽ രാത്രിയും പകലുമായി കെ റെയിൽ കല്ലുകൾ കൊണ്ടിടാനാണ് ബി ജെ പിയുടെ തീരുമാനമെന്നും വി വി രാജേഷ് പറഞ്ഞു.