കാസർകോട് :പള്ളിക്കര ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് ഇനി ആര്‍പ്പുവിളികളുടെ സന്ധ്യകള്‍. വടംവലിയും ഫുട്ബോളും വോളിബോളും കബഡിയും അറബിക്കടലിന്റെ തിരകളെ സാക്ഷിയാക്കി പള്ളിക്കരയിലെ പൂഴിമണ്ണില് ആവേശം നിറയ്ക്കും. തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംഘടിപ്പിക്കുന്ന ജില്ലാ ബീച്ച് ഗെയിംസ് ഡിസംബര്‍ 24, 25 തിയ്യതികളില്‍ പള്ളിക്കരയില്‍ നടക്കും. അഞ്ച് മേഖലകളിലായി നടത്തിയ ബീച്ച് ഗെയിംസ് പ്രാഥമിക മത്സരങ്ങളിലെ ജന പങ്കാളിത്തത്തിനും മത്സര വീര്യത്തിനും ഒരുപടി മുകളിലാകും പള്ളിക്കരയിലെ ജില്ലാതല ബീച്ച് ഗെയിംസില്‍ കാണാനാകുക എന്നുറപ്പാണ്. ബേക്കലില്‍ പുഷ്പ ഫലമേള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ദിവസങ്ങളില്‍ത്തന്നെയാണ് പള്ളിക്കരയില്‍ ബീച്ച് ഗെയിംസ് നടക്കുന്നതെന്നതിനാല്‍ ആര്‍പ്പുവിളികള്‍ക്ക് സൗന്ദര്യം ഏറും. ഗെയിംസിന്റെ പ്രചരാണര്‍ഥം മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് പുതിയ ബസ്റ്റാന്റ്, പഴയ ബസ്റ്റാന്റ്, ബേക്കല്‍-പള്ളിക്കര ജനവാസ മേഖലകള്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ കുടുബശ്രീയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ശിങ്കാരി മേളത്തിന്റെ അകമ്പടിയില്‍ ബീച്ച് ഗെയിംസിന്റെ വിളമ്പരം നടത്തും.
കടലിന്റെ മക്കള്‍ക്ക് പ്രത്യേക മത്സരം
കടലിന്റെ മക്കളും, കേരളത്തിന്റെ സൈനികരുമായ മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേകമായി ബീച്ച് ഗെയിംസില്‍ മത്സരം നടത്തും. ഫുട്ബോള്‍, കബഡി മത്സരങ്ങളാണ് കടലമ്മയുടെ മക്കള്‍ക്ക് മാത്രമായി നടത്തുക. സമൂഹത്തില്‍ വലിയ ശ്രദ്ധ ലഭിക്കാത്ത മത്സ്യതൊഴിലാളികള്‍ ഒന്നാം പ്രളയത്തോടെ കേരളത്തിന്റെ ഹൃദയം അലിയിച്ചവരാണ്. ഇവരെ പങ്കെടുപ്പിച്ച് മത്സരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സര്‍ക്കാര്‍ ചരിത്രമെഴുതുകയാണ്. ആദ്യമായി തുഴയെറിയുന്നവര്‍ കളിക്കളത്തിലിറങ്ങുമ്പോള്‍ കടലും തീരവും ഒരുപോലെ കയ്യടിക്കും.
കാസര്‍കോടിന്റെ സ്പോര്‍ട്സ് സ്പിരിറ്റ് ഞെട്ടിച്ചുകളഞ്ഞു
കാസര്‍കോടിന്റെ സ്പോര്‍ട്സ് സ്പിരിറ്റ് ഞെട്ടിച്ചുകളഞ്ഞുവെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന് പറഞ്ഞു. നല്ല മത്സരങ്ങള്‍ കാണുന്നുണ്ട്. പൂഴിയില്‍ നിന്ന് മത്സരിക്കുക എന്നത് ശ്രമകരമായ ഒന്നാണ്. അവിടെയും മികച്ച പ്രകടനങ്ങള്‍ കാണുന്നത് വലിയ സന്തോഷം നല്കുന്നു. 16 വയസുള്ള പെണ്‍കുട്ടികള്‍ക്കും പതിനെട്ട് വയസുള്ള ആണ് കുട്ടികള്‍ക്കും നിലവില്‍ പരിപാടിയില്‍ പങ്കെടുക്കാം. കാസര്‍കോടും ഉദുമയിലുമെല്ലാം നടന്ന മേഖലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ വന്ന ജനങ്ങളെ കണ്ട് വലിയ അത്ഭുതമായി. പൊലീസിന്റെ പോലും ആവശ്യം വരാതെ തികച്ചും സാമാധാന അന്തരീക്ഷത്തില്‍ മത്സരം നടത്താന്‍ കഴിഞ്ഞു. വരും വര്‍ഷങ്ങളിലും ബീച്ച് ഗെയിംസ് തുടരാനാണ് സര്‍ക്കാര്‍ പദ്ധതി. അത് ജില്ലയിലെ കായിക, വിനോദ സഞ്ചാര മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഗെയിംസ് ഇങ്ങനെ
ഡിസംബര്‍ 24 ന് സ്പോര്ടസ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന് പതാക ഉയര്‍ത്തും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞിരാമന് എം.എല്‍.എ അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയാകും. ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഉദ്ഘാടന പരിപാടികളോടനുബന്ധിച്ച് തിരുവാതിര, ഒപ്പന, പൂരക്കളി മാര്‍ഗ്ഗം കളി തുടങ്ങി വിവിധ കലാരൂപങ്ങള്‍ അരങ്ങേറും. സമാപന സമ്മേളനം കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി ജയരാജന് ഉദ്ഘാടനം ചെയ്യും. എ.ഡി.എം എന്‍. ദേവീദാസ് അധ്യക്ഷനാകും.
24ന് ഫുട്ബോള്‍, വടംവലി മത്സരങ്ങള്‍ പുരുഷ-വനിതാ വിഭാഗങ്ങള്‍ക്കായി നടത്തും. 25 ന് പുരുഷ- വനിതാ വിഭാഗം വോളിബോള്‍, കബഡി മത്സരങ്ങള്‍ നടത്തും. ഇതോടൊപ്പം തീരദേശത്തെ മത്സ്യതൊഴിലാളികള്‍ക്ക് മാത്രമായി ഫുട്ബോള്‍, വടംവലി മത്സരങ്ങളും നടത്തും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന കായിക മേള ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമാകും സമ്മാനിക്കുക. വിവിധ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് 15000, 10000, 5000 രൂപയും മൊമെന്റോയും സമ്മാനിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന കായിക പ്രതിഭകള്‍ക്ക് സംസ്ഥാനതലത്തില്‍ നാല് വേദികളിലായി നടത്തുന്ന മത്സരങ്ങളിലും പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടക്കുന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് യഥാക്രമം ഒരു ലക്ഷം, അന്‍പതിനായിരം രൂപ സമ്മാനമായി ലഭിക്കും.