റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ ഒഴുകുന്നു, കേന്ദ്രത്തിന്റെ നിർണയാക നീക്കം പ്രത്യേക ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട്
ന്യൂഡൽഹി: കിട്ടിയ അവസരം മുതലാക്കി ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിക്കൂട്ടുന്നു. ടെൻഡർ വഴി ഇന്ത്യൻ ഓയിൽ കോർപ്പേറഷൻ കഴിഞ്ഞദിവസം മൂന്ന് ദശലക്ഷം ബാരൽ യുറൽസ് ക്രൂഡ് ഓയിൽ വാങ്ങിയതെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര മാർക്കറ്റ് വിലയെക്കാൾ ബാരലിന് 20-25 ഡോളർ കുറച്ചാണ് നൽകിയത്. മാത്രമല്ല എണ്ണ ഇന്ത്യയിൽ എത്തിക്കുന്ന ചെലവ് മുഴുവൻ വഹിക്കുന്നതും റഷ്യയാണ്. മേയ് മാസത്തോടെയായിരിക്കും ഇപ്പോൾ വാങ്ങിയ എണ്ണ ഇന്ത്യയിൽ എത്തുക. ഈ മാസം രണ്ടാംതവണയാണ് റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത്.നേരത്തേ ഉയർന്ന ചരക്ക് ചെലവ് കാരണം ഇന്ത്യ റഷ്യയിൽ നിന്ന് വളരെക്കുറച്ച് എണ്ണ മാത്രമാണ് വാങ്ങിയിരുന്നത്. യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം ശക്തമാക്കിയതോടെയാണ് കുറഞ്ഞ വിലയ്ക്ക് ഇന്ത്യക്ക് എണ്ണ നൽകാൻ റഷ്യ തയ്യാറായത്. കിട്ടിയ അവസരം പരമാവതി മുതലാക്കാനുറച്ച ഇന്ത്യ റഷ്യയുടെ ഓഫർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇന്ത്യയുടെ തീരുമാനം ഉപരോധത്തിന്റെ ലംഘനമാവില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ കേന്ദ്രസർക്കാർ നടപടികൾ കൂടുതൽ വേഗത്തിലാക്കുകയായിരുന്നു.റഷ്യ-യുക്രെയിൻ യുദ്ധത്തോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയർന്നിരുന്നു. ഇതിന്റെ ഫലമായിഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വിലകളും ഉയർന്നു. എന്നാൽ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം രാജ്യത്തിന് ഏറെ ഗുണംചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. കുറഞ്ഞ വിലയിൽ എണ്ണ കിട്ടുന്നതും അത് എത്തിക്കാനുള്ള ചെലവ് റഷ്യ വഹിക്കുന്നതും രാജ്യത്തെ വിദേശനാണ്യ ശേഖരം സ്ഥിരത കൈവരിക്കുന്നതിന് ഇടയാക്കുമെന്നാണ് അവർ പറയുന്നത്. ഒപ്പം പണപ്പെരുപ്പം കുറയ്ക്കാൻ ഇടയാക്കുകയും ചെയ്യും. പെട്രോൾ, ഡീസൽ വിലകളിൽ കുതിച്ചുചാട്ടമുണ്ടാവാതെ തടയുന്നതിനും ഇത് ഇടയാക്കിയേക്കും എന്നും കരുതുന്നുണ്ട്.അതേസമയം, റഷ്യൻ എണ്ണ പൂർണമായും നിരോധിക്കാനുള്ള നടപടികൾ ശക്തമാക്കിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. കഴിഞ്ഞ ദിവസം ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ ഇക്കാര്യം സജീവ ചർച്ചയായിരുന്നു. എന്നാൽ ജർമനി, ഹംഗറി എന്നീ രാജ്യങ്ങൾ ഇതിനെ എതിർത്തു. റഷ്യയിൽ നിന്നുള്ള എണ്ണയാണ് ഈ രാജ്യങ്ങൾ കൂടുതലായും ആശ്രയിക്കുന്നത്. പൊടുന്നനെ നിരോധനം ഏർപ്പെടുത്തിയാൽ രാജ്യത്ത് കടുത്ത ഇന്ധനക്ഷാമത്തിന് വഴിവയ്ക്കും എന്നാണ് അവരുടെ ഭയം. ഇന്നുചേരുന്ന യോഗം എണ്ണനിരോധനത്തിൽ നിർണായക തീരുമാനം കൈക്കൊള്ളും.