പാകിസ്ഥാനിലേക്ക് ഇന്ത്യ മിസൈൽ വിട്ടത് അബദ്ധത്തിൽ സംഭവിച്ചത് തന്നെയായിരുന്നോ? അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: പാക് അതിർത്തി ഭേദിച്ച് ഇന്ത്യയിൽ നിന്നും മിസൈൽ വിക്ഷേപിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മനുഷ്യ പിശകിന്റെ ഫലമായാണ് മിസൈൽ പാകിസ്ഥാനിലേക്ക് തൊടുത്തുവിട്ടതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കോർട്ട് ഒഫ് എൻക്വയറി ഒരു ഗ്രൂപ്പ് ക്യാപ്റ്റന്റെയും മറ്റ് ചില ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഹരിയാനയിലെ അംബാലയിൽ നിന്നാണ് ഇന്ത്യൻ വ്യോമസേനയുടെ ബ്രഹ്മോസ് മിസൈൽ കുതിച്ചുയർന്നതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നത്. എന്നാൽ ഇന്ത്യ ഏത് മിസൈലാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ മാസം ഒൻപതിനാണ് ഇന്ത്യൻ മിസൈൽ പാക് മണ്ണിൽ പതിച്ചത്.മിസൈൽ വിക്ഷേപിച്ച സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ‘2022 മാർച്ച് ഒൻപതിന് നടന്ന സംഭവത്തെക്കുറിച്ച് ഈ സഭയിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശോധനയ്ക്കിടെ ആകസ്മികമായ മിസൈൽ വിക്ഷേപിച്ചതുമായി ബന്ധപ്പെട്ടതാണ് അത്. മിസൈൽ യൂണിറ്റിലെ പതിവ് അറ്റകുറ്റപ്പണികൾക്കും പരിശോധനയ്ക്കിടെ, വൈകുന്നേരം ഏഴ് മണിയോടെ, ഒരു മിസൈൽ അബദ്ധത്തിൽ വിട്ടു’. മിസൈൽ പാകിസ്ഥാൻ പ്രദേശത്ത് പതിച്ചതായി പിന്നീടാണ് അറിയുന്നതെന്ന് കേന്ദ്ര മന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. സംഭവം ഖേദകരമാണ്. എന്നാൽ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല എന്നത് ആശ്വാസകരമാണെന്നും, സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പാർലമെന്റിൽ നൽകിയ വിശദീകരണത്തിൽ പ്രതിരോധ മന്ത്രി വ്യക്തമാക്കിയിരുന്നു.അതിർത്തി ഭേദിച്ച മിസൈൽ പാകിസ്ഥാനിലെ ഖനേവൽ ജില്ലയിലെ മിയാൻ ചന്നുവിനു സമീപമാണ് പതിച്ചത്.ആളപായമുണ്ടായില്ലെങ്കിലും മിസൈൽ നാശനഷ്ടമുണ്ടാക്കിയെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. സംഭവത്തിൽ അവർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. വിഷയം അന്താരാഷ്ട്രതലത്തിൽ ഉയർത്തിക്കൊണ്ടുവരാൻ അവർ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. അബദ്ധത്തിൽ സംഭവിച്ചതല്ലാതെ മറ്റൊരു സൂചനയും ഈ വിഷയത്തിൽ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് അമേരിക്കയും വെളിപ്പെടുത്തി.സംഭവത്തിൽ അസത്യങ്ങൾ പ്രചരിപ്പിക്കാനും പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. വിക്ഷേപണത്തെക്കുറിച്ച് ഇന്ത്യൻ ഭാഗത്ത് നിന്നും യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ലെന്നാണ് പാകിസ്ഥാൻ പുറത്തുപറഞ്ഞത്. അബദ്ധത്തിൽ മിസൈൽ പറന്നതിന് തൊട്ട് പിന്നാലെ ഇന്ത്യ പാകിസ്ഥാനെ സംഭവത്തെ കുറിച്ച് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് പാകിസ്ഥാൻ മറച്ച് വച്ചു. ഇതിന് പുറമേ തങ്ങളുടെ അതിർത്തി ഭേദിച്ച് മൂന്ന് മിനിട്ടും 44 സെക്കൻഡും കൊണ്ട് 124 കിലോമീറ്റർ പാക് ആകാശത്ത് മിസൈൽ സഞ്ചരിച്ചു എന്ന പാകിസ്ഥാന്റെ വെളിപ്പെടുത്തലും അവർക്ക് തന്നെ തിരിച്ചടിയായി. ഇത്രയും സമയം ലഭിച്ചിട്ടും പാകിസ്ഥാന്റെ ആകാശ പ്രതിരോധ സംവിധാനം പ്രവർത്തിച്ചില്ല, അവർക്ക് മിസൈലിനെ തടയാനും കഴിഞ്ഞില്ല. അടുത്തിടെയാണ് ചൈനയിൽ നിന്നും പാകിസ്ഥാൻ എയർ ഡിഫൻസ് സംവിധാനം വാങ്ങിയത്. ഇതോടെ മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചതല്ലെന്നും പാക് സംവിധാനങ്ങളെ പരീക്ഷിക്കാൻ ഇന്ത്യ ചെയ്തതാണെന്നും വാദം ഉയർന്നിരുന്നു.