നായയുടെ നിർത്താതെയുള്ള കുര കാരണം പൊറുതി മുട്ടി; ഉടമസ്ഥനെ ഇരുമ്പ് വടികൊണ്ടടിച്ചു കൊന്ന് പതിനേഴുകാരൻ
ന്യൂഡൽഹി: വളർത്തുനായയുടെ നിർത്താതെയുള്ള കുരയിൽ അസ്വസ്ഥനായ പതിനേഴുകാരൻ നായയുടെ ഉടമയെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്നു. ഡൽഹിയിലെ നസഫ്ഗഢിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.എൺപത്തിയഞ്ചുകാരനായ അശോക് കുമാറാണ് യുവാവിന്റെ ആക്രമണത്തിൽ സ്വന്തം വീട്ടിൽ വച്ചു കൊല്ലപ്പെട്ടത്. നായയുടെ കുരച്ചിൽ കേട്ട് അസ്വസ്ഥനായെത്തിയ യുവാവ് ആദ്യം നായയെ ആക്രമിച്ചിരുന്നു. പിന്നാലെ യുവാവും അശോക് കുമാറും തമ്മിൽ വാക്കേറ്റമുണ്ടായി. നായയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ അശോകിന് മർദനമേൽക്കുകയായിരുന്നു. അശോകിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കഴിഞ്ഞ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.അശോകിന്റെ ഭാര്യയുടെ പരാതിയെത്തുടർന്ന് കൊലപാതക കുറ്റത്തിന് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഒളിവിലായിരിക്കുന്ന പതിനേഴുകാരനായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു