കെ റെയിൽ: ബഫർ സോണിന് നഷ്ടപരിഹാരമില്ല; അഞ്ച് മീറ്ററിൽ നിർമ്മാണ പ്രവർത്തനങ്ങളും പാടില്ല
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ബഫർ സോണായി ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് വ്യക്തമാക്കി കെ റെയിൽ. ഏറ്റെടുക്കുന്ന സ്ഥലത്തിന് മാത്രം നഷ്ടപരിഹാരം നൽകാനാണ് തീരുമാനം.കെ റെയിൽ പാത കടന്നു പോകുന്ന സമതല പ്രദേശങ്ങളിൽ 15 മീറ്റർ വീതിയിലും കുന്നും മലയും ഉള്ളയിടങ്ങളിൽ 25 മീറ്റർ വീതിയിലുമാണ് സ്ഥലം ഏറ്റെടുക്കുന്നത്. എന്നാൽ, ബഫർസോൺ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അതത് ഭൂവുടമകൾക്ക് തന്നെയാണ്.അതുകൊണ്ട് നഷ്ടപരിഹാരം നൽകാനാകില്ലെന്നാണ് കെ റെയിൽ അധികൃതരുടെ വാദം. പാത കടന്നു പോകുന്ന ഇരുവശത്തും പത്ത് മീറ്റർ സ്ഥലമാണ് ബഫർ സോണായി നിശ്ചയിച്ചിരിക്കുന്നത്. അതിൽ തന്നെ അഞ്ചു മീറ്ററിൽ മാത്രമാണ് ചെറിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാവുക.ഇന്ത്യൻ റെയിൽവേയുടെ ബഫർ സോൺ 30 മീറ്ററാണ്. സുരക്ഷയും ഭാവി വികസനവും മുന്നിൽ കണ്ടാണ് ബഫർ സോൺ നിശ്ചയിക്കുന്നത്. കെ റെയിൽ അതിവേഗ പാതയായതിനായിൽ ബഫർ സോൺ പ്രദേശത്ത് അഞ്ച് മീറ്റർ വിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താമെന്നാണ് വാദമെങ്കിലും അതത്ര പ്രായോഗികമല്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.പാതയ്ക്ക് ഇരുവശവും മതിൽ കെട്ടി ഉയർത്തുന്നത് പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാക്കുന്നതിനും അതിവേഗപാതയുടെ പ്രകമ്പനം നിർമ്മാണ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാനും സാദ്ധ്യതയുണ്ട്.കൂടാതെ, ചെറിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടി വന്നാൽ പോലും ഭൂമിയുടെ അടിത്തറ ബലപ്പെടുത്തേണ്ടി വരും. ഇത് ഭീമമായ ചെലവിന് കാരണമാകും. ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് കെ റെയിൽ അധികൃതരുടെ ഭാഗത്തു നിന്നും ഇപ്പോഴുണ്ടാകുന്നത്..