എടിഎം തട്ടിപ്പ്, മാഹി സ്വദേശിക്ക് നഷ്ടപ്പെട്ടത് അരലക്ഷത്തോളം രൂപ; ട്രൂ കോളർ, കസ്റ്റമർ കെയർ നമ്പർ എന്നിവയും വ്യാജം
മാഹി: എ ടി എമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിക്കാനെത്തിയയാൾക്ക് പണം ലഭിച്ചില്ലെന്ന് മാത്രമല്ല 49,500 രൂപ കൂടി നഷ്ടമായി. ബാങ്ക് ഒഫ് ബറോഡയുടെ എ ടി എം കാർഡുപയോഗിച്ച് മാഹിയിലെ എസ് ബി ഐ ശാഖയിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ച കെ എം ബി മുനീറിനാണ് അരലക്ഷത്തോളം രൂപ കൂടി നഷ്ടമായത്.കഴിഞ്ഞ മാർച്ച് 19ന് രാവിലെ എ ടി എമ്മിൽ എത്തിയ മുനീറിന് പണം ലഭിച്ചില്ലെങ്കിലും പിൻവലിച്ചതായുള്ള സന്ദേശം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഉടൻ തന്നെ ബാങ്ക് മാനേജർക്ക് പരാതി നൽകുകയും ചെയ്തു. പരാതി പരിശോധിച്ചശേഷം നഷ്ടപ്പെട്ട പണം അക്കൗണ്ടിൽ തിരികെ നിക്ഷേപിക്കുമെന്ന് മാനേജർ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ 22ന് വൈകിട്ട് ട്രൂ കോളറിൽ ബാങ്ക് ഒഫ് ബറോഡ റിഫണ്ട് ഹെൽപ്പ് ലൈൻ എന്നു കാണിച്ച 7064176396 നമ്പരിൽ നിന്ന് വിളിക്കുകയും പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി നൽകിയിരുന്നോ എന്ന് തിരക്കുകയും ചെയ്തുവെന്ന് മുനീർ പറയുന്നു.പിന്നാലെ ബാങ്ക് ഒഫ് ബറോഡയുടെ കസ്റ്റമർ കെയർ ടോൾ ഫ്രീ നമ്പരായ 1800 1024455 എന്ന നമ്പരിൽ നിന്ന് വിളിക്കുകയും പണം തിരികെ ലഭിക്കാൻ ഒരു ലിങ്ക് പൂരിപ്പിച്ചു നൽകണമെന്ന് അറിയിക്കുകയും ചെയ്തു. പിന്നാലെ മുനീർ പേര്, അക്കൗണ്ട് നമ്പർ, നഷ്ടപ്പെട്ട തുക എന്നിവയുടെ വിവരങ്ങൾ നൽകി. പത്ത് മിനിട്ടിന് ശേഷം 49,500 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതായുള്ള സന്ദേശം ലഭിക്കുകയായിരുന്നു. മുനീർ വിവരം ബാങ്കിനെ അറിയിച്ച് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണിപ്പോൾ.