ഗൾഫിലെത്തി ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ റൂംമേറ്റിനെ കൊലപ്പെടുത്തി, പ്രവാസിക്ക് ജീവപര്യന്തം; പെട്ടെന്നുള്ള പ്രകോനത്തിൽ പറ്റിപ്പോയെന്ന് പ്രതി
ദുബായ്: തൊഴിൽ വിസയിൽ ബഹറിനിലെത്തി റൂംമേറ്റിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ. ബഹറിനിലെത്തി 24 മണിക്കൂറിനുള്ളിൽ റൂംമേറ്റിനെ കൊലപ്പെടുത്തിയ ആഫ്രിക്കൻ സ്വദേശിയ്ക്കാണ് ഫോർത്ത് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്.മാഅമീർ പ്രദേശത്തായിരുന്നു സംഭവം. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ ബഹറിനിൽ നിന്ന് നാടുകടത്തുമെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് പ്രോസിക്യൂഷൻ മേധാവി പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി ആത്മഹത്യ ചെയ്യാനും ശ്രമിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ട്.വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടന്നതെന്നും, മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകക്കുറ്റം തന്റെ കക്ഷിക്ക് മേൽ ചുമത്തരുതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു.കൊല്ലപ്പെട്ടയാൾ മരത്തടികൾ കൊണ്ടും കമ്പുകൾ കൊണ്ടും തന്റെ കക്ഷിയെ ആക്രമിച്ചിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അയാൾ കൊല്ലപ്പെട്ടത്. 1,600 ദിനാർ ശമ്പളത്തിൽ മൂന്ന് മാസത്തെ ജോലിക്കായാണ് തന്റെ കക്ഷി ബഹറിനിലെത്തിയത്. എന്നാൽ വിമാനത്താവളത്തിലെത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും വിളിക്കാൻ വന്നില്ല. 20 ദിനാർ കൊടുത്താണ് താമസസ്ഥലം കണ്ടെത്തിയത്.ജോലിസ്ഥലത്ത് നിന്ന് വിളിക്കാനും ആരും വന്നില്ല. തുടർന്ന് അഞ്ച് ദിനാർ ചെലവാക്കിയാണ് റൂമിലെത്തിയത്. മൂന്ന് മാസത്തെ കരാറിനു പകരം കമ്പനി മൂന്ന് വർഷത്തെ കരാറിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. കരാറിന്റെ കോപ്പി തരാനും കമ്പനി വിസമ്മതിച്ചു. കമ്പനിയുടെ താമസസ്ഥലത്തിന് 20ദിനാർ ഈടാക്കി. മറ്റ് താമസക്കാരും അവിടെയുണ്ടായിരുന്നു. ഇതിനിടെയാണ് റൂംമേറ്റുമായി തർക്കമുണ്ടായതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.