മാസ്ക് ഉടനെ ഉപേക്ഷിച്ചാൽ അപകടം; ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഒരേസമയം കണ്ടെത്തിയത് 568 പേരിൽ, സങ്കരരൂപം രോഗവ്യാപനം കൂട്ടുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: കൊവിഡ് കേസുകൾ ഇന്ത്യയിൽ ഗണ്യമായി കുറയുകയാണ്. കൊവിഡ് ബാധിച്ചുള്ള മരണനിരക്കും കുറഞ്ഞു. എന്നാൽ ഇതിനിടയിൽ കൊവിഡുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോർട്ടുകൾ ആശങ്കയുയർത്തുകയാണ്. കൊവിഡ് പോസിറ്റീവായ ചിലരിൽ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ഒരേസമയം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലാണ് രണ്ട് വകഭേദങ്ങളും ഒരാളിൽ തന്നെ ഒരേസമയം കണ്ടെത്തിയത്. ഇത്തരത്തിൽ ഇന്ത്യയിൽ 568 കേസുകളുണ്ടെന്ന് ജീനോമിക് കൺസോർഷ്യം അറിയിച്ചു. വ്യത്യസ്ത വകഭേദങ്ങളുടെ സങ്കര രൂപം വൈറസ് വ്യാപനം കൂടുതൽ തീവ്രമാക്കുമെന്ന് ആഗോളതലത്തിൽ മുന്നറിയിപ്പ് നിലനിൽക്കുകയാണ്.ഡെൽറ്റ, ഒമിക്രോൺ എന്നിവയുടെ സങ്കരരൂപത്തിലുള്ള വൈറസ് കേസുകൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കർണാടകയിലാണ്. 221 കേസുകൾ. 90 കേസുകളുമായി തമിഴ്നാട് തൊട്ടുപിന്നിലുണ്ട്. മഹാരാഷ്ട്രയിൽ 66, ഗുജറാത്തിൽ 33, ബംഗാളിൽ 32, തെലങ്കാനയിൽ 25, ഡൽഹിയിൽ 20 എന്നിങ്ങനെയാണ് കേസുകൾ.കടുത്ത പനി, തുടർച്ചയായ ചുമ, രുചിയും മണവും നഷ്ടമാവുകയോ, തിരിച്ചറിയാൻ സാധിക്കാതിരിക്കുകയോ ചെയ്യുക എന്നിവയാണ് രണ്ട് വകഭേദങ്ങളും ഒരേസമയം ബാധിക്കുമ്പോഴുണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ.അതേസമയം, ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയിൽ നിന്ന് മാർച്ച് 31 മുതൽ കൊവിഡ് നിയന്ത്രണങ്ങളെ കേന്ദ്രസർക്കാർ ഒഴിവാക്കി. നടപടിയെത്തുടർന്ന് കേസും പിഴയും ഒഴിവായെങ്കിലും ജനങ്ങൾ മാസ്ക് ഉപേക്ഷിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആരോഗ്യ വിദഗ്ദ്ധരും നിർദ്ദേശിച്ചു. ഏഴ് ആഴ്ചകളായി കൊവിഡ് നിരക്ക് കുത്തനെ കുറഞ്ഞത് കണക്കിലെടുത്താണ് ഈ നടപടിയെന്ന് ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അറിയിച്ചു.