റഷ്യ ആണവായുധം പ്രയോഗിക്കുമോ? സൂചന നൽകി ക്രെംലിൻ; ഉറ്റുനോക്കി ലോക രാഷ്ട്രങ്ങൾ
മോസ്കോ: റഷ്യ യുക്രെയിനെതിരെ ആക്രമണം ആരംഭിച്ചിട്ട് നാളെ ഒരു മാസം തികയുകയാണ്. റഷ്യ ആക്രമണം ശക്തമാക്കുകയും യുക്രെയിൻ ചെറുത്തുനിൽപ്പ് തുടരുകയും ചെയ്യുന്നു. ഇരുവശങ്ങളിലും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. റഷ്യ മുഴുവൻ സൈന്യത്തെയും പിൻവലിക്കുകയാണെങ്കിൽ നാറ്റോ അംഗത്വത്തിനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് റഷ്യ.അധിനിവേശത്തിന്റെ സാഹചര്യത്തിൽ തങ്ങളുടെ രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണി നേരിട്ടാൽ മാത്രമേ യുക്രെയിനെതിരെ ആണാവായുധങ്ങൾ പ്രയോഗിക്കുകയുള്ളൂവെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. ആക്രമണം ആരംഭിച്ച് നാല് ദിവസത്തിന് ശേഷം ഫെബ്രുവരി 28ന് ആണവായുധ സേനയോട് തയ്യാറായിരിക്കാൻ പുടിൻ ആവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരുന്നു. ലോകത്തിലെ ആണവായുധ ശക്തികളിൽ ഒന്നാമതാണ് റഷ്യയുടെ സ്ഥാനം.യുക്രെയിനിൽ ഹൈപ്പർ സോണിക് മിസൈലുകൾ പ്രയോഗിച്ചെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നു. തങ്ങളുടെ ഏറ്റവും പുതിയ നിർമിതിയായ കിൻസാൽ ഹൈപ്പർ സോണിക് മിസൈലുകൾ ആദ്യമായി പരീക്ഷിച്ചത് യുക്രെയിനെതിരെയാണ് എന്നായിരുന്നു റഷ്യ വ്യക്തമാക്കിയത്.