കൊച്ചി: പ്രമുഖ എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. 72 വയസായിരുന്നു പിണറായി സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. അര്‍ബുദരോഗ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിലവില്‍ എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനാണ്. എറണാകുളം കടവന്ത്രയിലുള്ള വസതിയില്‍ വച്ച് അല്പസമയം മുന്‍പാണ് തോമസ് ചാണ്ടി അന്തരിച്ചത്.
അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം റേഡിയേഷന് അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. ഇന്ന് ആരോഗ്യനില കൂടുതല്‍ വഷളായി മരണപ്പെടുകയായിരുന്നു. നിയമസഭയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എ എന്ന വിശേഷണമുള്ള തോമസ് ചാണ്ടിക്ക് വിദേശത്തും സ്വദേശത്തുമായി നിരവധി വ്യവസായ സ്ഥാപങ്ങളുണ്ട്. കുവൈത്ത് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സംരഭങ്ങളെല്ലാം തന്നെ അതിനാല്‍ കുവൈത്ത് ചാണ്ടി എന്ന പേരിലും കുട്ടനാട്ടില്‍ തോമസ് ചാണ്ടി അറിയപ്പെട്ടിരുന്നു.