‘സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസുമുണ്ട്, സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ല’; വിരമിച്ചേക്കുമെന്ന സൂചന നൽകി ഗുലാം നബി ആസാദ്
ന്യൂഡൽഹി: രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി മുതിർന്ന കോൺഗ്രസ് നേതാവും ജി 23 ഗ്രൂപ്പിന്റെ പ്രമുഖനുമായ ഗുലാം നബി ആസാദ്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസുമുണ്ടെന്ന് അദ്ദേഹം വിമർശിച്ചു.സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ലെന്നും, സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. രാഷ്ട്രീയത്തിൽ ഇപ്പോൾ മോശം അവസ്ഥയാണ്. ചില ഘട്ടങ്ങളിൽ രാഷ്ട്രീയക്കാർ മനുഷ്യരാണോയെന്ന് ചിന്തിച്ചുപോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകാശ്മീരിൽ നടന്ന ഒരു പരിപാടിയ്ക്കിടെയായിരുന്നു പരാമർശം.
രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ മാറ്റം അനിവാര്യമാണ്. ആ മാറ്റം കൊണ്ടുവരാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുന്നില്ല. പക്ഷേ സാമൂഹിക സംഘടനകൾക്ക് അതിന് സാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകാൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.