ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചു; കാമുകിയെ യുവാവ് കുത്തിക്കൊന്നു
ചെന്നൈ: ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതിനെ തുടർന്ന് കാമുകിയെ കുത്തി കൊലപ്പെടുത്തി യുവാവ്. കൊലപാതകത്തിന് ശേഷം ബസ് സ്റ്റാൻഡിൽ രക്തം പുരണ്ട ഷർട്ടിട്ട് ഇരിക്കവേയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ തന്റെ കാമുകിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. ചെന്നൈ കുണ്ട്രത്തൂർ സ്വദേശിയായ രാജ (38) യെയാണ് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്.ഒരു സ്വകാര്യ കമ്പനിയിലെ താൽകാലിക തൊഴിലാളിയായ കണ്ണമയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. കത്തിക്കുത്തേറ്റ് അർധ നഗ്നയായി തറയിൽ കിടക്കുന്ന സ്ഥിതിയിലാണ് കണ്ണമ്മയെ പൊലീസ് കണ്ടെത്തിയത്.സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ, ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി മദ്യപിച്ച് ലക്കുകെട്ട് രാജ കണ്ണമ്മ താമസിക്കുന്ന വാടക വീട്ടിലേക്ക് വരികയും ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ അവർ ഇത് വിസമ്മതിച്ചു. ഇത് ഇരുവരും തമ്മിലുള്ള വഴക്കിലേക്ക് കലാശിക്കുകയായിരുന്നു. ഇവർ തമ്മിലുള്ള വഴക്ക് കേട്ടെത്തിയ ചില അയൽക്കാർ ഇടപെട്ട് രാജയെ വീട്ടിൽ നിന്ന് പറഞ്ഞയച്ചു. എന്നാൽ രാത്രി എല്ലാവരും ഉറങ്ങിയ ശേഷം തിരിച്ചെത്തിയ രാജ വീട്ടിനുള്ളിൽ കടന്ന് കണ്ണമ്മയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. രാജയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.