കൂസലില്ലാതെ കൊലപാതകം പൊലീസിനോട് വിവരിച്ച് ഹമീദ്; തെളിവെടുപ്പിനിടെ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് അലറി നാട്ടുകാർ
തൊടുപുഴ: ചീനിക്കുഴിയിൽ കൊലപാതകത്തിൽ പ്രതിയായ ഹമീദിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൻ പൊലീസ് സന്നാഹത്തോടയാണ് ഇയാളെ തെളിവെടുപ്പിനായി ഇവിടെയെത്തിച്ചത്. തുറസായ സ്ഥലത്താണ് വീട് എന്നതിനാൽ നിരവധി നാട്ടുകാരാണ് ഇയാളെ എത്തിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയത്.പ്രതി ഹമീദിന് പരമാവധി ശിക്ഷതന്നെ നൽകണമെന്ന് ജനങ്ങൾ പൊലീസിനോട് ആവശ്യപ്പെട്ടു. ഇയാളെ ആക്രമിക്കാനും അസഭ്യം പറയാനും പാഞ്ഞടുത്ത ജനങ്ങളെ വളരെയധികം പ്രയാസപ്പെട്ടാണ് പൊലീസ് നിയന്ത്രിച്ചത്. തെളിവെടുപ്പിലുടനീളം കൂസലില്ലാതെയാണ് ഹമീദ് കാണപ്പെട്ടത്. തെളിവെടുപ്പിന് ശേഷം ഇയാളെ പൊലീസ് കരിമണ്ണൂർ സ്റ്റേഷനിലെത്തിച്ചു. ആറ് മണിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.സ്വത്ത് തർക്കത്തെ തുടർന്നാണ് ഇന്ന് പുലർച്ചെ ഹമീദ്(79) മകനായ മുഹമ്മദ് ഫൈസൽ(45), ഭാര്യ ഷീബ(45), മക്കളായ മെഹ്റാ, അസ്നാ എന്നിവരെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. കൊലപാതകത്തിനായി ഇയാൾ വീട് പൂട്ടി. പിന്നീട് പെട്രോൾ നിറച്ച കുപ്പി അകത്തേക്ക് എറിയുകയായിരുന്നു. ഒരുതരത്തിലും ഇവർ രക്ഷപ്പെടാതിരിക്കാൻ വാട്ടർ കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു.സ്വത്ത് വീതംവച്ച് നൽകിയ ശേഷവും തന്നെ മകൻ നോക്കുന്നില്ല എന്ന പേരിൽ ഹമീദ് മുൻപ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇഷ്ടപ്പെട്ട ഭക്ഷണവും തരുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇതിന്റെ പേരിൽ തർക്കവും കൈയാങ്കളിയും പതിവായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയും ഹമീദും മുഹമ്മദ് ഫൈസലും തമ്മിൽ കൈയാങ്കളി നടന്നതായാണ് വിവരം.