കുറ്റപ്പെടുത്തേണ്ടത് ഗാന്ധി കുടുംബത്തെ മാത്രമല്ല, എല്ലാവരും ഉത്തരവാദികളാണ്; ഇനി ഒറ്റക്കെട്ടായി പോരാടുമെന്ന് മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്ക് ഗാന്ധി കുടുംബത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും എല്ലാ പാർട്ടി നേതാക്കളും അതിന് ഉത്തരവാദികളാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ജി-23 നേതാക്കളുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷം പാർട്ടിയെ ഒന്നിച്ച് നിർത്തുന്നതിനെ പറ്റി ഗുലാം നബി ആസാദ് സംസാരിച്ചത് ശുഭ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് ജി-23 നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗാന്ധി കുടുംബത്തെ മാത്രം കുറ്റപ്പെടുത്തുന്നതിന് പകരം പാർട്ടിയെ ശക്തിപ്പെടുത്താൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും ഗുലാം നബി ആസാദുമായുള്ല കൂടിക്കാഴ്ചയെ കുറിച്ച് സംസാരിക്കവെ, വർഷങ്ങളായി പാർട്ടിയിലുള്ല വ്യക്തിയായ അദ്ദേഹത്തിന് പാർട്ടിയെ പറ്റി എല്ലാം അറിയാമെന്നും അവരുടെ കൂടിക്കാഴ്ച ശുഭ സൂചനയാണ് നൽകുന്നതെന്നും ഖാർഗെ പറഞ്ഞു. കഴിഞ്ഞ വെള്ലിയാഴ്ചയാണ് ആസാദും സോണിയ ഗാന്ധിയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ട കാര്യങ്ങളെല്ലാം ചർച്ച ചെയ്തിട്ടുണ്ടെന്ന് ഖാർഗെ പറഞ്ഞു. സോണിയ ഗാന്ധി തന്നെ നേതൃ സ്ഥാനത്ത് തുടരണമെന്നാണ് പാർട്ടിയിലെ എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടതെന്നും വരുന്നതിരഞ്ഞെടുപ്പുകളിൽ ഒറ്റക്കെട്ടായി പോരാടാനാണ് തീരുമാനമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.