ദേവസ്വം ബോർഡിനുകീഴിലെ ചില ക്ഷേത്രങ്ങളിൽ ആർ എസ് എസ് പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു; തടയുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ ആർ എസ് എസ് ശാഖാ പ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ശാഖ യോഗം ചേരുന്നതായും മാസ് ഡ്രിൽ നടത്തുന്നതായും ദേവസ്വം കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.ആർ എസ് എസ് പരിശീലനം തടയുന്നതിനായി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ, അസിസ്റ്റൻന്റ് ദേവസ്വം കമ്മീഷണർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി 2021 മാർച്ച് 30ന് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനായി മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രഭരണാധികൾക്കും നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.ഗുരുവായൂർ, കൊച്ചി, കൂടൽമാണിക്യം ദേവസ്വങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇതുവരെ ആർ എസ് എസിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.