പിണങ്ങിപ്പോയ ഭാര്യയെ വീട്ടിലേക്ക് വിളിച്ചു, ആവശ്യം നിരസിച്ചപ്പോൾ ബ്ലേഡ് കൊണ്ട് കഴുത്തറുത്തു; ഭർത്താവ് പിടിയിൽ
ചെന്നൈ: പിണങ്ങിപ്പോയ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ. മദ്യലഹരിയിലായിരുന്നു മുപ്പത്തിയഞ്ചുകാരനായ വിക്ടർ വിനോദ് കുമാർ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. തമിഴ്നാട് സെമ്പനാർ കോവിലിനടത്ത് നല്ലുച്ചേരി, കൂടല്ലൂരിലാണ് സംഭവം.
ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവാവിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. വിനോദിന്റെ ഭാര്യ ഹേമ സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയാണ്. കുടുംബ കലഹത്തെ തുടർന്ന് പിണങ്ങിപ്പോയ ഭാര്യയെ വഴിയിൽ വച്ച് കണ്ടപ്പോൾ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു.ജോലി കഴിഞ്ഞ് മടങ്ങുംവഴി വിനോദ് കുമാർ ഹേമയുടെ അടുത്തെത്തി, അനുനയിപ്പിച്ച് വീട്ടിലേക്ക് ക്ഷണിച്ചു. കൂടെ ചെല്ലാൻ വിസമ്മതിച്ചതോടെ പ്രതി കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവാരൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദ് കുമാറിനെ സെമ്പനാർ കോവിൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.