ചങ്ങാതിമാരായി കൂടെയുണ്ടായിരുന്ന ചൈനയും റഷ്യയും ചതിച്ചു; ആകെ തകർന്ന് ശ്രീലങ്ക, കൈയയച്ച് സഹായം നൽകി ഇന്ത്യ
ഇന്ത്യൻ മഹാസമുദ്രത്തിൽ വീണ കണ്ണീർത്തുള്ളി കണക്കെ, ശ്രീലങ്കയുടെ ഭൂപടം. രണ്ടേകാൽ കോടി മാത്രം ജനസംഖ്യയുള്ള ശ്രീലങ്കയുടെ ചരിത്രത്തിന് കണ്ണീരിന്റെ ഉപ്പുണ്ട്. ലോകം കണ്ട ഏറ്റവും ഭീകരമായ വിഘടനവാദ പ്രസ്ഥാനം സമ്മാനിച്ച ചോരയും കണ്ണീരും വറ്റിയിട്ടില്ല. ഇപ്പോൾ ഈ കുഞ്ഞുരാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
ക്ഷയിച്ചുവന്ന വിദേശനാണ്യ ശേഖരത്തിനൊപ്പം രണ്ടുവർഷം മുമ്പ് കൊവിഡ് വ്യാപനം കൂടിയായപ്പോൾ തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി ഇപ്പോൾ അതിരൂക്ഷം. അവശ്യവസ്തു ക്ഷാമവും വിലക്കയറ്റവും കാരണം ജീവിതം ദുസ്സഹമായി, ജനങ്ങളിൽ അശാന്തി പടരുകയാണ്. കഴിഞ്ഞ ദിവസം തലസ്ഥാനമായ കൊളംബോയിൽ പതിനായിരക്കണക്കിനു പേർ പ്രതിഷേധവുമായി തെരുവിലിറങ്ങി.പ്രതിപക്ഷമായ യുണൈറ്റഡ് പീപ്പിൾസ് ഫോഴ്സിന്റെ പിന്തുണയോടെ അവർ പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് മാർച്ച് ചെയ്തു. ഗവൺമെന്റിനെ പുറത്താക്കാനുള്ള പ്രക്ഷോഭത്തിന്റെ തുടക്കമാണിതെന്ന് പ്രകടനത്തിന് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് സജിത് പ്രേംദാസ പ്രഖ്യാപിച്ചു.
വിദേശനാണ്യ ശേഖരം ക്ഷയിച്ചതാണ് ശ്രീലങ്കയെ പ്രതിസന്ധിയിലാക്കിയത്. അതോടെ ഇറക്കുമതി താളംതെറ്റി. അവശ്യ സാധനങ്ങൾക്ക് ക്ഷാമമായി. വിദേശ കടം വീട്ടാനാവാതെയായി. ലങ്കൻ രൂപയുടെ മൂല്യം ഇടിഞ്ഞു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പണപ്പെരുപ്പത്തിന് ഇടയാക്കി (15 %). ലങ്കൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ടൂറിസവും തേയില കയറ്റുമതിയും തുണി വ്യവസായവും അരി ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ ഉത്പാദനവും തകർന്നു. 2020 ആഗസ്റ്റ് മുതൽ ശ്രീലങ്കയുടെ വിദേശനാണ്യ കരുതൽ കുറയാൻ തുടങ്ങിയെങ്കിലും 2021 നവംബറിലാണ് അതീവ ഗുരുതരമായത്. ഇക്കൊല്ലം ജനുവരിയിൽ വിദേശനാണ്യ ശേഖരം വെറും 230 കോടി ഡോളറായി പതിച്ചു. ഇതോടെ ഇന്ധനം ഉൾപ്പെടെ അവശ്യ വസ്തുക്കളുടെ ഇറക്കുമതി ബിൽ നൽകാനും വിദേശ കടം വീട്ടാനും പണമില്ലാതായി.
ശ്രീലങ്കയുടെ മൊത്തം ഇറക്കുമതിയിൽ 20 ശതമാനവും ഇന്ധനമാണ്. ഇന്ധനത്തിന് കടുത്ത ക്ഷാമമായി. വൈദ്യുതി നിലയങ്ങൾ അടച്ചതോടെ ദിവസവും പവർ കട്ട്. ഭക്ഷണവും മരുന്നും പാചകവാതകവും പച്ചക്കറിയും പഴങ്ങളും പാൽപ്പൊടിയും സിമന്റും ഉൾപ്പടെ അവശ്യവസ്തുക്കൾക്ക് ക്ഷാമം രൂക്ഷമായി. പെട്രോൾ പമ്പുകളിലും, പലചരക്കു കടകൾക്കും ഫാർമസികൾക്കും മുന്നിലും ആളുകൾ രണ്ടും മൂന്നും ദിവസം ക്യൂ നിൽക്കുന്ന അവസ്ഥ വന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ലങ്കൻ യൂണിറ്റായ എൽ.ഐ.ഒ.സിയാണ് രാജ്യത്തെ ഇന്ധന വിതരണക്കാർ. അവർ പെട്രോൾ ലിറ്ററിന് 50 രൂപ കൂട്ടി 204 രൂപയാക്കി. ഡീസലിന് 75 രൂപ കൂട്ടി 139 രൂപയുമാക്കി (എല്ലാം ശ്രീലങ്കൻ രൂപ. ഒരു ഇന്ത്യൻ രൂപ ഏകദേശം മൂന്നര ലങ്കൻ രൂപ).
രാജ്യത്ത് വിദേശ കറൻസി (ഡോളർ) ഇല്ലാത്തതിനാൽ ബാങ്കുകൾ ഇറക്കുമതി ഏജൻസികൾക്ക് ക്രെഡിറ്റ് നൽകുന്നില്ല. പണം നൽകാനാവാത്തതിനാൽ കണ്ടെയിനറുകൾ ദിവസങ്ങളായി കൊളംബോ തുറമുഖത്ത് കെട്ടിക്കിടക്കുന്നു. ഇന്ധനക്ഷാമം കാരണം വൈദ്യുതി പ്ലാന്റുകൾ നിലച്ചു. ചില ജലവൈദ്യുതി പ്ലാന്റുകൾ ജലസേചനത്തിനുള്ള അണക്കെട്ടുകളിലെ വെള്ളം കൂടി ഉപയോഗിച്ചു തുടങ്ങിയതിനാൽ ജലക്ഷാമം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇത് കൃഷിയെ ബാധിക്കും. ഭക്ഷ്യോത്പാദനം കുറയും. അതോടെ ഭക്ഷണത്തിനും ക്ഷാമമാകും.
ശ്രീലങ്കൻ കറൻസിയായ രൂപയുടെ മൂല്യം അമ്പേ ഇടിഞ്ഞു. ഡോളറിന് 260 രൂപയായാണ് ലങ്കൻ കറൻസി ഇടിഞ്ഞത്. ഇതിനൊപ്പം വിദേശകടവും വർദ്ധിച്ചു. 700 കോടി ഡോളറാണ് (50,000 കോടി ഇന്ത്യൻ രൂപ) ഇപ്പോൾ ലങ്കയുടെ വിദേശകടം. ഇതു വീട്ടാൻ അന്താരാഷ്ട്ര നാണയനിധിയിൽ നിന്ന് 700 കോടി ഡോളർ വായ്പ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യ നൂറു കോടി ഡോളർ വായ്പ അനുവദിച്ചത്. സഹായം തേടി ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്സെ ഇന്ത്യയിലെത്തി പ്രധാനമന്ത്രി മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരെ കണ്ടിരുന്നു. ഇന്ധനം വാങ്ങാൻ 50 കോടി ഡോളറും സാർക്ക് കറൻസി സഹകരണത്തിന്റെ ഭാഗമായി 40 കോടി ഡോളറും നേരത്തേ നൽകിയതിനു പുറമേയാണിത്. ഇന്ത്യ മൊത്തം 241.5 കോടി ഡോളറാണ് ശ്രീലങ്കയ്ക്ക് നൽകുന്നത്.
എന്നും വ്യാപാരക്കമ്മി
വ്യാപാരക്കമ്മി ശ്രീലങ്കൻ സമ്പദ്വ്യവസ്ഥയ്ക്ക് എന്നും വെല്ലുവിളിയായിരുന്നു. അതായത്, കയറ്റുമതി വരുമാനത്തേക്കാൾ കൂടുതലായിരുന്നു ഇറക്കുമതിച്ചെലവ്. കയറ്റുമതിയിലൂടെ കിട്ടുന്ന വിദേശ നാണ്യത്തിന്റെ സിംഹഭാഗവും ഇറക്കുമതിക്കായി ചെലവായി. വിദേശകടം വർദ്ധിച്ചത് വിദേശനാണ്യ ശേഖരത്തെ കൂടുതൽ സമ്മർദ്ദത്തിലുമാക്കി. 2019ൽ ഈസ്റ്റർ ഞായറാഴ്ച പള്ളികളിലും ആഡംബര ഹോട്ടലുകളിലും 260 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തോടെ ടൂറിസം മേഖലയിൽ വിദേശനാണ്യത്തിന്റെ ഒഴുക്ക് ഗണ്യമായി കുറഞ്ഞു.
പിന്നീട് കൊവിഡ് മഹാമാരി ടൂറിസവും കയറ്റുമതിയും ഉൾപ്പെടെ വിദേശ കറൻസി വരുന്ന എല്ലാ മേഖലകളെയും തളർത്തി. ഇപ്പോൾ റഷ്യ യുക്രെയിൻ യുദ്ധവും ലങ്കൻ ടൂറിസത്തിന് വലിയ പ്രഹരമായി. ഇക്കൊല്ലം ജനുവരിയിൽ ശ്രീലങ്കയിലെത്തിയ 82,000 സഞ്ചാരികളിൽ 30 ശതമാനം റഷ്യ, യുക്രെയിൻ, പോളണ്ട്, ബെലാറുസ് രാജ്യക്കാരായിരുന്നു. ശ്രീലങ്കൻ തേയില ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ. ഇറക്കുമതിച്ചെലവ് കുറച്ച് പ്രതിസന്ധി നേരിടാനാണ് സർക്കാരിന്റെ തീരുമാനം.
ഇറക്കുമതി നിയന്ത്രണംവിദേശ കറൻസി പുറത്തേക്കു പോകുന്നത് തടയാൻ ആർഭാട വാഹനങ്ങൾ, രാസവളം, കീടനാശിനികൾ, ചില ഇനം ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ഇറക്കുമതി നിരോധിച്ചു. രാസവളം ഇറക്കുമതിക്കു മാത്രം 40 കോടി ഡോളറും വാഹന ഇറക്കുമതിക്ക് 150 കോടി ഡോളറുമാണ് ശ്രീലങ്ക പ്രതിവർഷം ചെലവാക്കിയിരുന്നത്
സുഹൃദ് രാഷ്ട്രങ്ങളെ സമീപിച്ചുപ്രതിസന്ധി നേരിടാൻ സുഹൃദ് രാജ്യങ്ങളോട് വായ്പയും മറ്റു സഹായങ്ങളും തേടി. ബംഗ്ലാദേശ്, ഇന്ത്യ, ഖത്തർ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രണ്ടു മാസത്തെ ക്രെഡിറ്റിൽ 40,000 ടൺ ഇന്ധനം നൽകി. ഇന്ത്യ 240 കോടി ഡോളർ വായ്പ നൽകുന്നതിനു പുറമേ ടൂറിസം, ഊർജ്ജ മേഖലകളിൽ സഹകരണവും വിവിധ മേഖലകളിൽ നിക്ഷേപവും നൽകും.
ചൈന ചതിച്ചുശ്രീലങ്കയുടെ വിദേശ കടത്തിന്റെ 10 ശതമാനം ചൈനയിൽ നിന്നുള്ള വായ്പയാണ്. ശ്രീലങ്കൻ സെൻട്രൽ ബാങ്കിനും മറ്റ് ദേശീയ ഏജൻസികൾക്കും ചൈന നൽകിയ വായ്പകൾ കൂടി കണക്കിലെടുത്താൽ യഥാർത്ഥ കടം 1500 കോടി ഡോളർ വരും.വായ്പ പുനക്രമീകരിക്കുന്നത് ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകാൻ ചൈന വിസമ്മതിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങിനോട് പ്രസിഡന്റ് ഗോതാബയ രാജപക്സെ നേരിട്ട് അഭ്യർത്ഥിച്ചിട്ടും ഫലമുണ്ടായില്ലചൈനയുടെ വായ്പകൾക്ക് ആറര ശതമാനം വരെ പലിശ നൽകണം. എ.ഡി.ബി വായ്പകൾക്ക് മൂന്നു ശതമാനം മാത്രമാണ് പലിശ.പ്രതിസന്ധിയിൽ ചൈന കൈവിട്ടതോടെ രാജപക്സെ സർക്കാർ ചൈനാപക്ഷ പ്രതിച്ഛായ ഉപേക്ഷിച്ച് ഇന്ത്യൻ പക്ഷത്തേക്കും പാശ്ചാത്യ ചായ്വിലേക്കും നീങ്ങുകയാണ്. ഇതിനു തെളിവാണ് ഐ.എം.എഫിൽ നിന്ന് വായ്പ എടുക്കാനുള്ള നീക്കം. ഐ.എം.എഫ് വായ്പ വേണ്ടെന്നായിരുന്നു ലങ്കൻ നയം.
രാജവംശംരാജപക്സെ വംശത്തിലെ നാല് സഹോദരന്മാരും ബന്ധുക്കളുമാണ് ഇപ്പോൾ ശ്രീലങ്ക ഭരിക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ ഗോതാബയ രാജപക്സെ പ്രസിഡന്റായി. അദ്ദേഹം, സഹോദരൻ മഹിന്ദ രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ചു. 2004ൽ പ്രധാനമന്ത്രിയായിരുന്ന മഹിന്ദ പിന്നീട് പ്രസിഡന്റും ആയിരുന്നു. പ്രതിരോധ മന്ത്രിയായിരുന്ന ഗോതാബയ ആണ് തമിഴ്പുലികളെ കൊന്നൊടുക്കി ആഭ്യന്തര കലാപം അവസാനിപ്പിച്ചത്. ഇവരുടെ മറ്റൊരു സഹോദരൻ ബേസിൽ രാജപക്സെയാണ് ധനമന്ത്രി. അമേരിക്കൻ ശ്രീലങ്കൻ പൗരത്വത്തിന്റെ പേരിൽ വിവാദപുരുഷൻ. അടുത്തിടെ ഇന്ത്യയിൽ വന്നു. ഇവരുടെ ഏറ്റവും മൂത്ത സഹോദരൻ ചിമൽ രാജപക്സെ കാബിനറ്റ് മന്ത്രിയാണ്. അദ്ദേഹത്തിന്റെ മകനും മന്ത്രി. മഹിന്ദയുടെ ഒരു പുത്രൻ മന്ത്രിയും മറ്റൊരു പുത്രൻ അദ്ദേഹത്തിന്റെ ചീഫ് ഒഫ് സ്റ്റാഫും ഒരു അനന്തരവൻ പാർലമെന്റംഗവും.