ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നുന്ന ചുരുക്കും ചില നിമിഷങ്ങളിലൊന്നാണിത്; സദസിനോടും സംഘാടകരോടും ബഹുമാനം തോന്നുന്നുവെന്ന് നടി ലിസി
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ സർപ്രൈസ് അതിഥിയായി നടി ഭാവന എത്തിയത് ഏറെ ചർച്ചയായിരുന്നു. ഉദ്ഘാടന ചടങ്ങിനായി നേരത്തേ സംഘാടക സമിതി പുറത്തിറക്കിയ അതിഥികളുടെ പട്ടികയിൽ ഭാവനയുടെ പേരുണ്ടായിരുന്നില്ല. ഉദ്ഘാടന സമയത്തോട് അടുത്തപ്പോള്‍ ഭാവന പങ്കെടുത്തേക്കുമെന്ന ചില അഭ്യൂഹങ്ങള്‍ ഉയർന്ന് വന്നു. അവസാനം ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പായി മേളയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ ഭാവനയെ നിറഞ്ഞ കൈയടിയോടെ എഴുന്നേറ്റ് നിന്നായിരുന്നു സദസ് സ്വീകരിച്ചത്. ഇക്കാര്യത്തിലുള്ല തന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് നടി ലിസി.’ഭാവനയെ 26ാമത് ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചടങ്ങിൽ അതിഥിയായി ക്ഷണിച്ചതിന് മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. പ്രധാനമായും നിറഞ്ഞ കൈയടിയോടെ എഴുന്നേറ്റ് നിന്ന് ഭാവനയെ സ്വീകരിച്ച സദസിനോട് ബഹുമാനം തോന്നുന്നു. ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നുന്ന ചുരുക്കം ചില നിമിഷങ്ങളിലൊന്നാണിത് ‘ ലിസി ഫേസ്ബുക്കിൽ കുറിച്ചു.