ദിലീപ് നിരപരാധിയാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല, ജയിലിൽ പോയി കണ്ടത് സുരേഷ് കൃഷ്ണ പറഞ്ഞിട്ട്; പുതിയ വെളിപ്പെടുത്തലുമായി രഞ്ജിത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ എവിടെയും ന്യായീകരിച്ച് സംസാരിച്ചിട്ടില്ലെന്ന് സംവിധായകൻ രഞ്ജിത്ത്. ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് നടനെ ജയിലിൽ പോയി കണ്ടതെന്നും രഞ്ജിത്ത് വ്യക്തമാക്കി.’ഞാൻ ഒരു മാദ്ധ്യമത്തിന്റെ അന്തി ചർച്ചയിലും വന്നിട്ട് ഇയാൾക്കുവേണ്ടി വക്കാലത്തെടുത്ത് വാദിച്ചിട്ടില്ല. അയാളിത് ചെയ്യില്ലെന്ന് പറഞ്ഞ് ഒരിടത്തും ഞാൻ പ്രസംഗിച്ചിട്ടില്ല, എഴുതിയിട്ടില്ല. അവൻ അങ്ങനെ ചെയ്യുമോ എന്ന മാനസികാവസ്ഥയിലായിരുന്നു ഞാൻ.ഇയാളെ ജയിലിൽ പോയി സന്ദർശിക്കാമെന്ന് കരുതി ഒരു ദിവസം രാവിലെ കുളിച്ചിറങ്ങിയതല്ല. കോഴിക്കോട് നിന്ന് എറണാകുളത്ത് പോകുന്നതിനിടയിൽ നടൻ സുരേഷ് കൃഷ്ണയാണ് ചേട്ടാ ദിലീപിനെ കാണണമെന്ന് പറഞ്ഞത്. പോയിക്കോ, പുറത്ത് കാറിലിരിക്കാമെന്ന് ഞാൻ പറഞ്ഞു. എനിക്ക് കാണണമെന്ന് യാതൊരു വിചാരവും ഉണ്ടായിരുന്നില്ല. അവിടെയെത്തിയപ്പോൾ ക്യാമറയുമായി വന്നവർ എന്താ അകത്തേക്ക് പോകാത്തതെന്നൊക്കെ ചോദിച്ചു. ഇതിനേക്കാൾ നല്ലത് പോകുന്നതാണ് എന്ന് തോന്നി.സന്ദർശകർക്കുള്ള മുറിയൊന്നും അവിടെയില്ലെന്ന് തോന്നുന്നു. ദിലീപിനോട് നമസ്കാരം പറഞ്ഞു. രണ്ട് വാക്കെന്നോട് സംസാരിച്ചു. സുരേഷ് കൃഷ്ണയും അയാളും മാറിനിന്ന് സംസാരിച്ചു. ആകപ്പാടെ പത്ത് മിനിറ്റ്. അയാൾ നിരപരാധിയാണെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. അത് കോടതിയുടെ പരിഗണനയിലുള്ള കാര്യമാണ്.’- രഞ്ജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.