തിരൂരും ചോറ്റാനിക്കരയിലും സിൽവർലൈൻ കല്ലിടലിനെതിരെ വൻ പ്രതിഷേധം, വെങ്ങാലൂർ മസ്ജിദിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു
മലപ്പുറം: തിരൂരിൽ വെങ്ങാലൂരിൽ സിൽവർലൈൻ കല്ലിടലിനെതിരെ ജനങ്ങളും പൊലീസും തമ്മിൽ തർക്കം. വെങ്ങാലൂർ മസ്ജിദിൽ കല്ലിടുന്നത് എതിർപ്പിനെ തുടർന്ന് വേണ്ടെന്നുവച്ചു. എന്നാൽ ചുറ്റുമുളള വീടുകളിലെല്ലാം കല്ലിടൽ തുടരുകയാണ്. പ്രതിഷേധം തുടർന്നാൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥരോട് പ്രതിഷേധിച്ച വീട്ടുകാരോട് പൊലീസ് പറഞ്ഞെന്നും പരാതിയുണ്ട്.കല്ലിടുന്നതിനെ സംബന്ധിച്ച് അറിയിപ്പോ ഒഴിയേണ്ടിവന്നാൽ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ച് വ്യക്തമായ വിവരമോ ഉദ്യോഗസ്ഥർ നൽകിയിട്ടില്ലെന്ന് സ്ഥലവാസികൾ പറഞ്ഞു. തുടർന്ന് നാട്ടുകാർ സംഘടിച്ച് പ്രതിഷേധിക്കുകയും കല്ലിട്ടയുടനെ അവ പിഴുതെറിയുകയും ചെയ്തു.എറണാകുളം ജില്ലയിൽ ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധമാണ് നടന്നത്. അധികൃതർ സ്ഥാപിച്ച കല്ല് ഡിസിസി പ്രവർത്തകർ പിഴുതെടുത്ത് തോട്ടിലെറിഞ്ഞു. പിറവം എംഎൽഎ അനൂപ് ജേക്കബ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്ഥലത്ത് പ്രതിഷേധം കനത്തതിനാൽ ഇന്ന് കല്ലിടലിന് കെറെയിൽ ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല.