പരാതി പച്ചക്കള്ളം, സ്ഥാപനത്തെ തകർക്കാനുള്ള ഗൂഡനീക്കം; പീഡനപരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി അനീസ് അൻസാരി
കൊച്ചി: ലൈംഗിക പീഡന പരാതികളിൽ പൊലീസ് തിരയുന്ന പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എറണാകുളം ചക്കരപ്പറമ്പ് സ്വദേശി അനീസ് അൻസാരി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. യുവതികളുടെ പരാതി പച്ചക്കള്ളമാണെന്നും തന്റെ സ്ഥാപനത്തെ തകർക്കുന്നതിനായുള്ള ഗൂഡനീക്കമാണെന്നും അനീസ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.അതേസമയം, മുൻകൂർ ജാമ്യത്തെ എതിർത്ത് റിപ്പോർട്ട് നൽകിയ അന്വേഷണ സംഘം അൻസാരിക്കെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങളാണെന്നും കസ്റ്റഡിയിൽ എടുത്തുള്ള അന്വേഷണം അനിവാര്യമാണെന്നും കോടതിയെ അറിയിച്ചു.പരാതികൾ ഉയർന്നതോടെ അനീസ് ദുബായിലേക്കു കടന്നെന്ന് അഭ്യൂഹം പരന്നെങ്കിലും വീട്ടിൽ നടത്തിയ തിരച്ചിലിൽ പാസ്പോർട്ട് കണ്ടെത്തിയിരുന്നു. ഇതോടെ വിദേശത്തേക്ക് പോയിട്ടില്ലെന്ന് വ്യക്തമായി. അനീസിനെ കണ്ടെത്താനാകാതെ വന്ന പൊലീസ് ഇയാളുടെ ബന്ധുവിനെയും സുഹൃത്തിനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. അനീസിനെതിരെ മൊത്തം ഏഴു കേസുകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളതെങ്കിലും ഇതിൽ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തതിട്ടുള്ളത്. ലഭിച്ച പരാതികളിൽ മൊഴിയെടുപ്പ് പൂർത്തിയാക്കിയ ശേഷം കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു.വിവാഹദിനത്തിൽ മേക്കപ്പിനായി എത്തിയപ്പോൾ അനീസ് മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ഓസ്ട്രേലിയയിൽ താമസിക്കുന്ന വിദേശ മലയാളിയായ യുവതി കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ പറയുന്നത്. അനീസിനെതിരെ മറ്റ് പരാതികൾ ഉയർന്നതോടെയാണ് രംഗത്തുവരുന്നതെന്നും പരാതിയിൽ പറയുന്നു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ കൂടുതൽ മൊഴി നൽകാൻ തയ്യാറാണെന്നും യുവതി പരാതിയിൽ പറഞ്ഞു. ഇമെയിൽ വഴി അയച്ച പരാതി ആദ്യം രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചുവെങ്കിലും പിന്നീട് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.