ഏഴാം വയസിൽ അപമാനിച്ചു, 30 വർഷങ്ങൾക്ക് ശേഷം അദ്ധ്യാപികയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്; കുത്തേറ്റത് 101 തവണ
ബ്രസൽസ്: പ്രൈമറി സ്കൂളിൽ പഠിച്ചിരുന്നപ്പോൾ അദ്ധ്യാപിക അപമാനിച്ചതിന് 30വർഷങ്ങൾക്ക് ശേഷം ക്രൂരമായി പ്രതികാരം ചെയ്ത് 37കാരൻ. ബെൽജിയത്തിലാണ് സംഭവം നടന്നത്. 59കാരിയായ മരിയ വെർലിന്റൻ എന്ന അദ്ധ്യാപികയാണ് കൊല്ലപ്പെട്ടത്. തന്റെ ഏഴാം വയസിൽ വെർലിന്റ അപമാനിച്ചെന്നും അതിന് പ്രതികാരം വീട്ടിയതാണെന്നും പ്രതിയായ ഗുണ്ടർ ഉവെന്റ്സ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം അദ്ധ്യാപികയ്ക്ക് 101 തവണ കുത്തേറ്റിട്ടുണ്ട്.രണ്ട് വർഷം മുമ്പാണ് വെർലിന്റൻ കൊല്ലപ്പെട്ടത് അന്നുമുതൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി നൂറുകണക്കിന് പേരുടെ ഡിഎൻഎ പരിശോധിച്ചു. അദ്ധ്യാപികയുടെ ഭർത്താവ് ദൃക്സാക്ഷികളോട് മുന്നോട്ട് വരാൻ പലതവണ അപേക്ഷിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. വെർലിന്റയുടെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. പണമടങ്ങിയ പഴ്സ് മൃതദേഹത്തിന് സമീപം ഡൈനിംഗ് ടേബിളിൽ കിടന്നിരുന്നു, ഇതോടെ ക്രൂരമായ കൊലപാതകത്തിന് പിന്നിൽ കവർച്ചയല്ലെന്ന് അന്വേഷണ സംഘത്തിന് ഉറപ്പായിരുന്നു. കൊലപാതകം നടന്ന് പതിനാറ് മാസങ്ങൾക്ക് ശേഷം ഉവെന്റ്സ് തന്റെ സുഹൃത്തിനോട് കുറ്റസമ്മതം നടത്തി. സുഹൃത്ത് ഉടൻ തന്നെ പൊലീസിനെ ഇക്കാര്യം അറിയിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉവെന്റ്സിന്റെ ഡിഎൻഎ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. അദ്ധ്യാപിക കാരണം താൻ ഏറെ വേദനിച്ചിട്ടുണ്ടെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നുമാണ് പ്രതിയുടെ വിശദീകരണം. തന്റെ ഏഴാം വയസിൽ വെർലിന്റൻ തന്നോട് പറഞ്ഞ ക്രൂരമായ വാക്കുകൾ മറ്റാരും പറഞ്ഞിട്ടില്ലെന്നും പ്രതി പറഞ്ഞു. മൊഴിയിൽ വാസ്തവമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിലെടുത്തു.