തൊട്ടതെല്ലാം പിഴച്ച ഇമ്രാന് അധികാരവും നഷ്ടമാകുന്നു, കൈയൊഴിഞ്ഞ് ഭരണ കക്ഷിയും, വിടാതെ പിന്തുടർന്ന് മുൻഗാമികളെ ബാധിച്ച ‘ശനി’
കറാച്ചി: പാക് പ്രധാനമന്ത്രി പദത്തിൽ ഇമ്രാൻഖാന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് റിപ്പോർട്ട്. ഭരണകക്ഷിയിൽ നിന്നുള്ള അംഗങ്ങൾ തന്നെ പിന്തുണ പിൻവലിച്ചതോടെയാണ് സർക്കാർ വീഴുമെന്ന അവസ്ഥയിലായത്. ഇപ്പോഴത്തെ നിലവച്ചുനോക്കിയാൽ ഈ മാസം അവസാനം നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ പരാജയപ്പെടും എന്നത് ഏറക്കുറെ ഉറപ്പാണ്. സഖ്യകക്ഷികളിൽ പലരും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചുകഴിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതിപക്ഷം പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇമ്രാന്റെ പാർട്ടിക്ക് അധോസഭയിൽ 155 സീറ്റുകളാണ് ഉള്ളത്. അധികാരത്തിന് 172 സീറ്റുകളാണ് വേണ്ടത്. സഖ്യ കക്ഷികളുടെയും വിമതരുടെയും സഹായത്തോടെയാണ് അധികാരം നിലനിറുത്തിയിരുന്നത്. പാകിസ്ഥാന്റെ ചരിത്രത്തിൽ ഇതുവരെ ഒരു പ്രധാനമന്ത്രിയും കാലാവധി പൂർത്തിയാക്കിയിട്ടിലല്ല. ആ ‘ശനി’ ഇമ്രാനെയും വിട്ടൊഴിയില്ലെന്ന് ഏറക്കുറെ വ്യക്തമായിരിക്കുകയാണ്.പാകിസ്ഥാൻ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. അത്യാവശ്യ കാര്യങ്ങൾക്കുപോലും പണമില്ലാത്ത അവസ്ഥയിലാണ്. നേരത്തേ ഇരുകൈയും നീട്ടി സഹായിച്ചിരുന്ന ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ പാകിസ്ഥാനെ കാര്യമായി ഗൗനിക്കുന്നില്ല. ചൈനയോടും റഷ്യയോടും അടുപ്പംകൂടി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. റഷ്യ യുക്രെയിനെതിരെ യുദ്ധം തുടങ്ങിയ ദിവസം മോസ്കോയിൽ സന്ദർശനത്തിനെത്തിയ ഇമ്രാനെതിരെ കടുത്ത വിമർശനമാണ് രാജ്യത്തുനിന്നുണ്ടായത്. ഒടുവിൽ ഒന്നും നടക്കാതെ തിരിച്ചുവരേണ്ടിവന്നു. അസമയത്തുള്ള സന്ദർശനത്തോടെ രാജ്യാന്തര തലത്തിൽ പാകിസ്ഥാന് മോശം ഇമേജ് ഉണ്ടാക്കിയെന്നായിരുന്നു പ്രധാന വിമർശനം.അഫ്ഗാനിസ്ഥാനിലെ താലിബാനെ പ്രോസ്താഹിപ്പിക്കുന്ന ഇമ്രാന്റെ നടപടി അപകടമുണ്ടാക്കുമെന്ന് പ്രതിപക്ഷം നേരത്തേ തന്നെ മുന്നറിയിപ്പുനൽകിയിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ സർക്കാർ താലിബാൻ പ്രീണനവുമായി മുന്നോട്ടുപോവുകയായിരുന്നു. അടുത്തിടെ ഇന്ത്യ അബദ്ധത്തിൽ മിസൈൽ വിക്ഷേപിച്ച സംഭവത്തിലും ഇമ്രാനോട് പ്രതിപക്ഷത്തിനുൾപ്പടെ എതിർപ്പുണ്ടായിരുന്നു.