കെ റെയിലിനെതിരെ സമരം ശക്തം; ചങ്ങനാശേരിയിൽ സമരം തുടരുന്നു, കല്ലായിയിൽ കല്ലിടൽ തടഞ്ഞു, ഏറ്റെടുത്ത് പ്രതിപക്ഷം
കോട്ടയം: ചങ്ങനാശേരിയിൽ കെ റെയിൽ പദ്ധതിക്കെതിരെ നഗരത്തിലെ വിവിധയിടങ്ങളിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ തുടരുന്നു. സമരം യു ഡി എഫും ഏറ്റെടുത്തിരിക്കുകയാണ്. സർക്കാർ പദ്ധതിയിൽ നിന്ന് പിൻവാങ്ങുന്നത് വരെ സമരം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു. യു ഡി എഫ് സംഘം ഇന്ന് ചങ്ങനാശേരിയിൽ എത്തും. മാടപ്പള്ളിയിലെ പൊലീസിന്റെ അതിക്രമത്തിൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു.കഴിഞ്ഞ ദിവസം മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരക്കാർക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചുമാണ് ചങ്ങനാശേരി മണ്ഡലത്തിൽ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തുന്നത്.ഹർത്താലിന്റെ ഭാഗമായി തുറന്ന കടകളും ബാങ്കുകളും സമരക്കാർ അടപ്പിച്ചു. കെ റെയിലിനെതിരെ കോഴിക്കോടും പ്രതിഷേധം ശക്തമാവുകയാണ്. കല്ലായിയിൽ കല്ലിടുന്നത് സ്ഥലം ഉടമകൾ എതിർത്തു. കല്ലിടാൻ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്.രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറുവരെയാണ് ചങ്ങനാശേരിയിൽ ഹർത്താൽ. യുഡിഎഫ്, ബിജെപി, എസ്യുസിഐ തുടങ്ങിയ സംഘടകൾ ഹർത്താലിന് പിന്തുണ നൽകുന്നുണ്ട്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. ഹർത്താൽ സമാധാനപരമായിരിക്കുമെന്നും എന്നാൽ പ്രതിഷേധം കടുപ്പിക്കുമെന്നും സമര സമിതി അറിയിച്ചു.കഴിഞ്ഞ ദിവസം മാടപ്പള്ളി മുണ്ടുകുഴിയിൽ സിൽവർ ലൈൻ സംഘം കല്ലിടാൻ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കല്ലിടുന്നത് എതിർത്ത് നാട്ടുകാർ രംഗത്തിറങ്ങി. സ്ത്രീകളും കുട്ടികളുമടക്കം മുദ്രാവാക്യം വിളിച്ചും മനുഷ്യചങ്ങല തീർത്തും പ്രതിഷേധിച്ചു. കല്ലുമായെത്തിയെ വാഹനത്തിന്റെ ചില്ല് തകർക്കാൻ ശ്രമിച്ചതോടെ കുട്ടികളുടെ മുന്നിലിട്ട് പൊലീസ് മാതാപിതാക്കളെ കൈയേറ്റം ചെയ്തു. പേടിച്ചരണ്ട കുട്ടികൾ വാവിട്ട് കരഞ്ഞു. ഇതോടെ മണ്ണെണ്ണ കുപ്പികൾ ഉയർത്തി സ്ത്രീകൾ ആത്മഹത്യ ഭീഷണി മുഴക്കി. സ്ത്രീകളെയടക്കം വലിച്ചിഴച്ചു നീക്കി പൊലീസ് ഇവരെ നേരിട്ടു. ഇതോടെ കൂടുതൽ നാട്ടുകാർ പൊലീസിനുമുന്നിൽ നിലയുറപ്പിച്ചു. കേരള കോൺഗ്രസ് നേതാക്കളായ വി.ജെ ലാലി, ജോസഫ് എം പുതുശേരി എന്നിവരും നാലു സ്ത്രീകളും അടക്കം 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയശേഷം ഒടുവിൽ കല്ലുകളിടുകയായിരുന്നു.അതേസമയം, സിൽവർ ലൈൻ ഏറ്റവും മോശവും രാജ്യത്തിന്റെ സമ്പദ്ഘടന തകർക്കുകയും ചെയ്യുന്ന പദ്ധതിയാണെന്ന് ഇ ശ്രീധരൻ പ്രതികരിച്ചു. അതിർത്തി മതിലുകൾ കേരളത്തെ പിളർക്കും. ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും കണക്കാക്കിയിട്ടില്ലെന്നും ഇ ശ്രീധരൻ കുറ്റപ്പെടുത്തി.കെ റെയിൽ പദ്ധതിയെ ശക്തമായി വിമർശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിണറായി സർക്കാർ സ്വീകരിക്കുന്നത് സ്ത്രീ വിരുദ്ധ നിലപാടാണെന്ന് ആരോപിച്ചു. സഭ ബഹിഷ്കരിച്ച് മാടപ്പള്ളിയിലേയ്ക്ക് പോവുകയാണെന്നും ഇന്നലെ മർദനമേറ്റ സ്ത്രീകളും കുട്ടികളുമായും ചർച്ച നടത്തി സമരം ശക്തിപ്പെടുത്തുമെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ ധാർഷ്ട്യമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് സത്യം കാണാനുള്ള കണ്ണില്ലെന്നും ധിക്കാരം കൊണ്ട് അന്ധത ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.