ലളിതമാണ്,സുന്ദരവും; മനസ് നിറയ്ക്കും ഈ കുടുംബം
ഒരിടവേളയ്ക്ക് ശേഷം മഞ്ജുവാര്യരും ബിജുമേനോനും ഒന്നിച്ചെത്തിയ ചിത്രമാണ് ലളിതം സുന്ദരം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ആയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ആലപിച്ച ഒരു മനോഹര ഗാനത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. ടെെറ്റിൽ ക്രെഡിറ്റ്സിനൊപ്പമുള്ള നൊസ്റ്റാൾജിക്ക് ഫീൽ തരുന്ന ഈ ഇൻട്രോ ഗാനം ആദ്യമേ ചിത്രത്തിന്റെ മൂഡ് സെറ്റ് ചെയ്യുന്നു. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്.കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു കൊച്ചു ചിത്രമാണ് ലളിതം സുന്ദരം. ഫാമിലി ഫീൽ ഗുഡ് ചിത്രമെന്ന ഗണത്തിൽ ലളിതം സുന്ദരത്തെപ്പെടുത്താം.പ്രേക്ഷകർ കാത്തിരുന്നത് പോലെ ബിജു മേനോൻ- മഞ്ജു കോംബോ തന്നെയാണ് ചിത്രത്തിന്റെ ഹെെലെെറ്റ്. ഇരുവരും തങ്ങളുടെ വേഷം ഗംഭീരമാക്കി. പേര് പോലെ തന്നെ ചിത്രം ലളിതമാണ്. ഒരു ചെറിയ കഥ, ഇടുക്കി പശ്ചാത്തലമാക്കി സംവിധായകൻ പറഞ്ഞുപോകുന്നു. കുടുംബ പ്രേക്ഷകർക്ക് തിരക്കുകളൊക്കെ മാറ്റി വച്ച് കൊണ്ട് റിലാക്സ് ചെയ്ത് കാണാനാകുന്ന തരത്തിലുള്ള ചിത്രമാണ് ആദ്യ സംവിധാന സംരംഭത്തിൽ മധു വാര്യർ ഒരുക്കിയിരിയ്ക്കുന്നത്.ജീവിതത്തിലെ തിരക്കുകൾക്കിടയിൽ അച്ഛനമ്മമാരെ ശ്രദ്ധിയ്ക്കാനോ അവരുടെ കൂടെ സമയം ചിലവഴിക്കാനോ പലർക്കും സാധിക്കാറില്ല. പലപ്പോഴും കുടുംബത്തിലെ അംഗങ്ങൾ ഓരോ സ്ഥലത്തായിരിയ്ക്കും. കെെയ്യെത്തും ദൂരത്ത് പലപ്പോഴും ആരും കാണാറില്ല. ഇത്തരത്തിൽ ജോലിത്തിരക്കുകൾക്കിടയിൽ ഒന്ന് ഒത്ത് ചേരാൻ പോലും സമയം കിട്ടാത്ത ഒരു കുടുംബത്തിന്റെ കഥയാണ് ലളിതം സുന്ദരം പറയുന്നത്. തിരക്കുകൾക്കിടയിലും അമ്മയുടെ ഓർമ്മ ദിവസം ഇവർ ഒത്ത് കൂടുന്നു. പിന്നീട് ഈ കുടുംബത്തിൽ നടക്കുന്ന സുന്ദരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിയ്ക്കുന്നത്.സ്നേഹവും കണ്ണീരണിയിക്കുന്ന ചില മുഹൂർത്തങ്ങളും കുഞ്ഞ് തമാശകളും ഒക്കെ ചേർന്നതാണ് ഈ ചിത്രം. സിറ്റുവേഷണൽ കോമഡികൾ കൊണ്ട് ചിത്രം സമ്പന്നമാണ്.മനോഹരമായ ഒരു പിടി ഗാനങ്ങളും ചിത്രത്തിലുണ്ട്. കഥയ്ക്കനുയോജ്യമായ പശ്ചാത്തല സംഗീതവും ചിത്രത്തെ കൂടുതൽ സുന്ദരമാക്കുന്നു. സിനിമാറ്റോഗ്രഫിയും കയ്യടി അർഹിക്കുന്നുണ്ട്. സിനിമയുടെ ക്ലെെമാക്സിനോട് അടുക്കുമ്പോൾ തിരക്കഥയിലെ ചില പ്രശ്നങ്ങൾ മുഴച്ച് നിൽക്കുന്നു എന്നത് പോരായ്മയായി എടുത്ത് പറയാം. ഇത്തരത്തിലുള്ള ചില പോരായ്മകളുണ്ടെങ്കിലും അതൊന്നും ശ്രദ്ധയിൽപ്പെടാത്ത വിധം ചിത്രമൊരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.പ്രമോദ് മോഹനാണ് ചിത്രത്തിന്റെ തിരക്കഥ. ഗാനരചന നിര്വഹിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. ബിജിപാലാണ് സംഗീത സംവിധാനം. പി. സുകുമാർ, ഗൗതം ശങ്കർ എന്നിവരാണ് ഛായാഗ്രഹണം. സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിജു മേനോനെയും മഞ്ജു വാര്യരെയും കൂടാതെ സെറീന വഹാബ്, രഘുനാഥ് പാലേരി, സൈജു കുറുപ്പ്, സുധീഷ്, ,ദീപ്തി സതി, അനു മോഹൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഓരോ കഥാപാത്രത്തിനും വ്യക്തമായ സ്പേസ് ചിത്രത്തിൽ നൽകാൻ സംവിധായകന് സാധിച്ചു.സെറീന വഹാബ് ചിത്രത്തിൽ എത്തുന്ന ഓരോ ഫ്രയിമുകളും ഹൃദ്യമാണ്. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ മനോഹരമാക്കാൻ സുധീഷിന് സാധിച്ചു. രഘുനാഥ് പാലേരി, സെെജു കുറുപ്പ് എന്നിവരും മികച്ച പ്രകടനമാണ് നടത്തിയത്.
പരസ്പരം തുറന്ന് സംസാരിക്കാൻ സമയം കണ്ടെത്താത്തതാണ് പല ബന്ധങ്ങളുടെയും പ്രശ്നങ്ങക്ക് കാരണം എന്ന് ഈ ചിത്രം ഊട്ടി ഉറപ്പിക്കുന്നുണ്ട്. വലിയ അവകാശ വാദങ്ങളൊന്നുമില്ലാതെ എത്തിയ കൊച്ച് ചിത്രമാണ് ലളിതം സുന്ദരം. ചിത്രത്തെയും ആ രീതിയിൽ തന്നെ സമീപിച്ചാൽ നല്ലൊരു ആസ്വാദനാനുഭവം ലളിതം സുന്ദരം സമ്മാനിക്കും.