തുണിക്കടയുടമയായ യുവതിയെ മുൻ ജീവനക്കാരൻ വെട്ടിക്കൊന്നു, ആക്രമിച്ചത് കുഞ്ഞുങ്ങളുടെ മുന്നിലിട്ട്, ശരീരത്തിൽ മുപ്പതോളം വെട്ടുകൾ
തൃശൂർ: കൊടുങ്ങല്ലൂരിൽ കടയിലെ മുൻ ജീവനക്കാരന്റെ വെട്ടേറ്റ തുണിക്കട ഉടമയായ സ്ത്രീ മരിച്ചു. എറിയാട് ബ്ലോക്ക് ഓഫീസിന് തെക്കുവശം താമസിക്കുന്ന ഇളങ്ങര പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി(30) ആണ് ഇന്ന് രാവിലെ മരിച്ചത്.വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു റിൻസി ആക്രമിക്കപ്പെട്ടത്. ഇവർ വീടിന്റെ സമീപത്തുള്ള സ്കൂൾ ജംഗ്ഷനിൽ നടത്തുന്ന നിറക്കൂട്ട് എന്ന റെഡിമെയ്ഡ് സ്ഥാപനം പൂട്ടി മക്കളോടൊപ്പം വീട്ടിലേക്ക് വരുന്ന വഴി ആളൊഴിഞ്ഞ ഭാഗത്ത് സ്കൂട്ടർ തടഞ്ഞു നിറുത്തി ഇവരുടെ അയൽവാസിയായ ചിപ്പു എന്നു വിളിക്കുന്ന റിയാസാണ് വെട്ടിയത്. മുഖത്തുൾപ്പടെ ശരീരത്തിൽ ആഴത്തിലുള്ള മുപ്പതിലേറെ വെട്ടുകളേറ്റിരുന്നു. മൂന്നുവിരലുകൾ അറ്റുപോയി.തലയിലും മാരകമായി പരിക്കേറ്റിരുന്നു.ഇതു വഴി വന്ന മദ്രസ അദ്ധ്യാപകർ ബഹളം വച്ചതോടെ ആക്രമി ഓടി രക്ഷപ്പെട്ടു. പ്രതിക്കെതിരെ നേരത്ത റിൻസി പൊലീസിൽ പരാതി നൽകിയിരുന്നു. ഇത് പിന്നീട് ഒത്തുതീർപ്പാക്കിയെങ്കിലും അതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. അഞ്ചും പത്തും വയസുള്ള മക്കളുമായാണ് കടയിൽ നിന്നും റിൻസി വീട്ടിലേക്ക് പോയിരുന്നത്. കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഒളിവിൽപ്പോയ പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിച്ചു.