വാളയാറിൽ വൻ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് 165 കിലോ, മൂന്നുപേർ അറസ്റ്റിൽ
പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്താൻ ശ്രമിച്ച 165 കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരൂർ സ്വദേശികളായ നൗഫൽ,ഫാസിൽ,ഷാഹിദ് എന്നിവരെ അറസ്റ്റുചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. ഇത് എവിടെനിന്നാണ് കൊണ്ടുവന്നതെന്ന് വ്യക്തമല്ല. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുമെന്നാണ് എക്സൈസ് സംഘം പറയുന്നത്.കഴിഞ്ഞ ഫെബ്രുവരിയിൽ വാളയാര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം കാറില്‍ കടത്തിയ 188 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇവരുടെ രണ്ട് കാറുകളിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. അടുത്തിടെയായി കേരളത്തിലേക്ക് ലഹരിക്കടത്ത് വ്യാപകമായിരിക്കുകയാണ്. കഞ്ചാവും മാരക ലഹരിമരുന്നുകളും ഇതിൽപ്പെടും. ആന്ധ്രയിൽ നിന്നും മറ്റുമാണ് സംസ്ഥാനത്ത് കൂടുതൽ കഞ്ചാവ് എത്തുന്നത്. കടത്താൻ ശ്രമിക്കുന്നതിലേറെയും യുവാക്കളാണ്. കാരിയർമാർ മാത്രമായിരിക്കും പലപ്പോഴും പിടിക്കെപ്പെടുന്നത്. എളുപ്പത്തിൽ പണക്കാരാവരണമെന്ന ആഗ്രഹമാണ് യുവാക്കളെ കുഴിയിൽ ചാടിക്കുന്നത്.