ദിലീപിന് സ്റ്റേ ലഭിച്ചില്ല; വധ ഗൂഢാലോചന കേസിലെ അന്വേഷണം തുടരും; ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി
കൊച്ചി: നടിയെ അക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി. അതേസമയം ദിലീപിന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കെ ഹരിപാൽ പിന്മാറുകയും ചെയ്തു. കോടതിക്ക് ഇപ്പോൾ കേസന്വേഷണത്തിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് അടുത്ത ആഴ്ചയിലേക്ക് നീട്ടി. അന്ന് മറ്റൊരു ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് അഗർവാളാണ് ദിലീപിന് വേണ്ടി ഹാജരായത്. ഈ കേസ് കെട്ടിച്ചമച്ചതാണെന്നും തങ്ങളുടെ വാദം പൂർണമാകുന്നതു വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നുമാണ് ദിലീപ് ഉന്നയിച്ച ആവശ്യം. പക്ഷെ ഹൈക്കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. കേസിൽ ഈ മാസം 28ന് വിശദമായ വാദം കേൾക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനും പ്രതികൾ ഫോണുകളിൽ നിന്ന് വിവരങ്ങൾ നശിപ്പിച്ചതിനും തെളിവുകളുണെന്ന് പ്രോസിക്ക്യൂഷൻ കോടതിയെ അറിയിച്ചു. കേസിലെ വഴിത്തിരിവാവുന്ന മൊബൈൽ ഫോണിലെ വിവരങ്ങൾ ഫോൺ സമർപ്പിക്കുന്നതിനു മുൻപ് ദിലീപ് വിദഗ്ദ്ധന്റെ സഹായത്തോടെ നീക്കിയതായും പ്രോസിക്ക്യൂഷൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഫോണുകളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകൾ ഉൾപ്പടെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.എന്നാൽ കേസുമായി ബന്ധപ്പെട്ട ഒരു തെളിവുകളും നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു. കേസുമായി യാതൊരു ബന്ധവുമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ് ഫോണിൽ നിന്ന് നീക്കം ചെയ്തത്. തനിക്കെതിരെയുള്ള വാദങ്ങൾ ഒന്നും തന്നെ നിലനിൽക്കുന്നതല്ലെന്നും ദിലീപ് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച മറുപടിയിൽ വ്യക്തമാക്കിയിരുന്നു.