ഇംഗ്ളീഷും ഹിന്ദിയുമൊക്കെ നന്നായി പറയാൻ അറിയാവുന്നയാളാണ്, റഹിമിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് ശ്രീനിവാസൻ കൃഷ്ണൻ എന്ന് ജയശങ്കർ
സിപിഎമ്മിന്റെ എഎറഹിമിനേക്കാൾ രാജ്യസഭയിൽ നന്നായി പെർഫോം ചെയ്യാൻ പോകുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് നോമിനിയായ ശ്രീനിവാസൻ കൃഷ്ണൻ ആയിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ. ശ്രീനിവാസനെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും ഇംഗ്ളീഷും ഹിന്ദിയുമൊക്കെ നന്നായി പറയാൻ അറിയാവുന്നയാളാണ് അദ്ദേഹമെന്നും ജയശങ്കർ പറഞ്ഞു.അഡ്വ. ജയശങ്കറിന്റെ വാക്കുകൾ-‘ശ്രീനിവാസനെ എനിക്ക് വളരെ കൃത്യമായി അറിയാം. വളരെ കാലമായി എനിക്ക് പരിചയമുള്ളതാണ്. ഏതുനിലയ്ക്കും രാജ്യസഭയിൽ പോയാൽ അദ്ദേഹം ശോഭിക്കും. ഇംഗ്ളീഷും ഹിന്ദിയുമൊക്കെ നന്നായി പറയാൻ അറിയാവുന്നയാളാണ്. പാർലമെന്റിൽ പോകുന്നത് പ്രക്ഷോഭം ഉണ്ടാക്കാൻ വേണ്ടിയിട്ടല്ലല്ലോ? രാജ്യസഭയിലൊക്കെ പോയാൽ ഇദ്ദേഹത്തെ പോലുള്ളവരായിരിക്കും റഹിമിനേക്കാൾ നന്നായി പെർഫോം ചെയ്യുക എന്ന് ഞാൻ എഴുതിവച്ചു തരാം’.തൃശൂർ സ്വദേശിയും തെലങ്കാന ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായ ശ്രീനിവാസൻ കൃഷ്ണനെ പരിഗണിക്കുന്നതിനോട് കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് ഭേദമെന്യേ വിയോജിപ്പുണ്ട്. എന്നാൽ, ഹൈക്കമാൻഡ് നിർദ്ദേശമായി വന്നാൽ തള്ളാനാകാത്ത സ്ഥിതിയാണ്.ഡൽഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആലപ്പുഴ മുൻ ഡി.സി.സി പ്രസിഡന്റ് എം. ലിജുവിന്റെ പേരാണ് നിർദ്ദേശിച്ചത്. ലിജുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഇന്നലെ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സുധാകരൻ ആവശ്യപ്പെട്ടു. ലിജുവും ഒപ്പമുണ്ടായിരുന്നു. പാനലായി പേരുകൾ സമർപ്പിക്കാനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകും.21നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ച പേരായിരുന്നു ശ്രീനിവാസൻ കൃഷ്ണന്റേത്. ഇതിനെതിരെ അന്ന് വൻ പ്രതിഷേധമുയർന്നതിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. പ്രിയങ്ക ഗാന്ധിയുടെ ടീമിലെ അംഗമാണ് 57കാരനായ ശ്രീനിവാസൻ കൃഷ്ണൻ . എ.ഐ.സി.സി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ മുൻ ഉദ്യോഗസ്ഥനാണ്. പത്ത് വർഷത്തോളം കെ. കരുണാകരനോടൊപ്പം ഓഫീസർ ഒൺ സ്പെഷ്യൽ ഡ്യൂട്ടിയായിരുന്നു. പിന്നീടാണ് കോൺഗ്രസ് കേന്ദ്രനേതൃത്വവുമായി അടുത്തത്.പ്രിയങ്കയുടെ ഭർത്താവും വ്യവസായ പ്രമുഖനുമായ റോബർട്ട് വാധ്രയുടെ ബിസിനസ് പങ്കാളിയായിരുന്നു.അതേസമയം, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീമിനെ ( 40 ) രാജ്യസഭാസ്ഥാനാർത്ഥിയായി സി.പി.എം പ്രഖ്യാപിച്ചത് ഇന്നലെയാണ്. യുവ പ്രാതിനിദ്ധ്യം പരിഗണിച്ചാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ റഹീമിനെ സ്ഥാനാർത്ഥിയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത അവെയ്ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു തീരുമാനം.