പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഇന്ന് പൂരംകുളി ;
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം വെള്ളിയാഴ്ച്ച ഉത്രവിളക്കൊടെ സമാപിക്കും. വ്യാഴാഴ്ച്ചയാണ് പൂരംകുളി. ഉച്ചയോടെ പൂരമാല മൂളലും കഴിഞ്ഞ് ആരംഭിക്കുന്ന
പൂരക്കളി അർധരാത്രി ആണ്ടും പള്ളും പാടി പൊലിഞ്ഞ് തൊഴുതു കളിയോടുകൂടി അവസാനിക്കും.തുടർന്നാണ് പൂരംകുളി. തിടമ്പുകളും തിരുവായുധങ്ങളും അത്തും താളിയും തേച്ച് ശുദ്ധിയാക്കി പൂരത്തറയിൽ വെക്കും. പൂരംകുളിക്ക് ശേഷം കർമികൾ അവയെല്ലാം എടുത്ത് പീഠത്തിൽ വെക്കും.
ഉത്ര വിളക്ക് : വെള്ളിയാഴ്ച്ചയാണ് ഉത്രവിളക്ക്. നർത്തകന്മാർ അരങ്ങിൽ വന്ന് ‘ദിക്ക് വന്ദന’യ്ക്ക് ശേഷം മേലാപ്പും കുടയുമായി തിടമ്പുകൾ കൈവിളക്കുമായി പ്രദക്ഷിണം ചെയ്ത് ചുവട്മായ്ക്കൽ നടത്തും.
കല്ലൊപ്പിക്കലിന് ശേഷം വീണ്ടും ചുവട്മായ്ക്കൽ നടക്കും. തുടർന്ന് പള്ളിയറയിൽ തിരുവായുധം സമർപ്പിക്കുന്നത്തോടെ ഉത്രവിളക്ക് സമാപിക്കും. ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നല്ലത്തോടെ 9 ദിവസം നീണ്ട പൂരോത്സവത്തിന് സമാപനം.
അന്ന് രാത്രി ഭണ്ഡാരവീട്ടിൽ തെയ്യം കൂടും. ശനിയാഴ്ച രാവിലെ മുതൽ വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങളെ കെട്ടിയാടും. ഉച്ചകഴിഞ്ഞ്
മൂവാളംകുഴി ചാമുണ്ഡി അരങ്ങൊഴിയുന്നതോടെ വിളക്കിലരിക്ക് ശേഷം സമാപിക്കും.