വില്ലനായി പുതിയ കൊവിഡ് വകഭേദം; നാലാം തരംഗം കടുക്കുമോയെന്ന് ആശങ്ക, ലക്ഷണങ്ങൾ ഇവ
ജെറുസലേം: ലോകമൊട്ടാകെ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യമാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി കണ്ടുവരുന്നത്. ഇക്കാരണത്താൽ നിരവധി രാജ്യങ്ങൾ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളും വരുത്തിയിരുന്നു. എന്നാൽ ആശങ്ക വീണ്ടുമുയർത്തി ഇസ്രയേലിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ സ്ഥിരീകരിച്ചു.മറ്റൊരിടത്തും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത വകഭേദമാണ് കണ്ടെത്തിയതെന്ന് ഇസ്രയേൽ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്റെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരിൽ നടത്തിയ പി സി ആർ പരിശോധനയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. കൊവിഡ് 19ന്റെ രണ്ട് വകഭേദങ്ങളായ ബി എ.1, ബി എ.2 എന്നിവ കൂടിച്ചേർന്നാണ് പുതിയ വകഭേദം രൂപപ്പെട്ടിരിക്കുന്നത്. പുതിയ വകഭേദത്തിന് പ്രത്യേക ചികിത്സ ആവശ്യമില്ലെന്ന് ഇസ്രയേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നേരിയ പനി, തലവേദന, പേശി ബലക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.ഡെൽറ്റയും ഒമിക്രോണും ഒന്നിച്ചുചേർന്ന് രൂപപ്പെട്ട ഡെൽറ്റാക്രോണും ഇത്തരത്തിൽ രണ്ട് കൊവിഡ് വകഭേദങ്ങൾ സംയോജിച്ചുണ്ടായതാണ്. കൊവിഡും ഇൻഫ്ളുവൻസയും സംയോജിച്ച് രൂപപ്പെട്ട ഫ്ളുറോണയും ആദ്യമായി സ്ഥിരീകരിച്ചത് ഇസ്രയേലിലായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഫ്ളുറോണ കണ്ടെത്തിത്.