കാമുകിയുടെ പിതാവിനെ കഴുത്തറുത്തുകൊന്നത് പാർട്ടിക്കിടെ, കൊലയ്ക്കുശേഷം പ്രതി ചെയ്തത് മറ്റൊരു കൊടുംക്രൂരത
മുംബയ്: പാർട്ടി നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയശേഷം കാമുകിയുടെ പിതാവിനെ കഴുത്തറുത്തുകൊന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ബീഹാർ സ്വദേശിയായ പപ്പുകുമാർ ഷാ ആണ് പിടിയിലായത്. മഹാരാഷ്ട്രാ സ്വദേശിയായ കമൽജിത്ത് സാന്ദ എന്ന അമ്പത്താറുകാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്.പൊലീസ് പറയുന്നത്: പപ്പുകുമാർ ജോലിയാവശ്യത്തിനാണ് മഹാരാഷ്ട്രയിൽ എത്തിയത്. കമൽജിത്തും കുടുംബവും താമസിക്കുന്ന ഉല്ലാസ് നഗറിലാണ് ഇയാളും കഴിഞ്ഞിരുന്നത്. ചെറിയ ജോലികൾ ചെയ്താണ് പണം സമ്പാദിച്ചിരുന്നത്. ഇതിനിടെ ഇയാൾ കമൽജിത്തിന്റെ മകളുമായി അടുപ്പത്തിലായി. അടുത്തിടെ മകളെ തനിക്ക് വിവാഹംകഴിച്ച് തരണമെന്നാവശ്യപ്പെട്ട് പ്രതി കമൽജിത്തിനെ സമീപിച്ചിരുന്നു. എന്നാൽ അയാൾ ആവശ്യം നിരസിച്ചു. പിറ്റേന്ന് വീണ്ടും വീട്ടിലെത്തിയ പ്രതി വിവാഹ ആവശ്യം അവിവേകമായിപ്പോയെന്നും ക്ഷണിക്കണമെന്നും ഇനിമേലിൽ തന്റെ ശല്യമുണ്ടാവില്ലെന്നും കമൽജിത്തിനോട് പറഞ്ഞു. തുടർന്ന് ഇതുവരെ സംഭവിച്ചുപോയ എല്ലാ കാര്യങ്ങൾക്കും ക്ഷമ ചോദിക്കുകയും ചെയ്തു.പപ്പുവിന്റെ ക്ഷമാപണത്തിൽ വിശ്വസിച്ച കമൽജിത്ത് എല്ലാ തെറ്റുകളും ക്ഷമിച്ചതായി പറയുകയും അയാളുമായി കൂടുതൽ അടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മദ്യസൽക്കാരത്തിൽ പങ്കെടുക്കാൻ കമൽജിത്തിനെ പപ്പു ക്ഷണിച്ചു. സംശയമൊന്നും തോന്നാത്തതിനാൽ അയാൾ ക്ഷണം സ്വീകരിച്ചു. പാർട്ടിക്കിടെ മദ്യപിച്ച് ലക്കുകെട്ട കമൽജിത്തിനെ പ്രതി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഇതിനുശേഷം പെൺകുട്ടിയെ ഫോണിൽ വിളിച്ച് പിതാവ് ഇനി ഒരിക്കലും വരില്ലെന്നും കാത്തിരിക്കേണ്ടെന്ന് അറിയിക്കുകയും ചെയ്തു.പെൺകുട്ടിതന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ പൊലീസ് കൂടുതൽ ചോദ്യംചെയ്യുകയാണ്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.