തിരഞ്ഞെടുപ്പിൽ തോറ്റവരെ പരിഗണിക്കരുത്, അവർ അതാത് മണ്ഡലങ്ങളിൽ പോയി പ്രവർത്തിക്കട്ടെ; എം ലിജുവിനെതിരെ സോണിയയ്ക്ക് കത്ത് നൽകി കെ മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിനോ പ്രവർത്തകർക്കോ പരിചിതരല്ലാത്ത നേതാക്കളെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തോട് സംസ്ഥാന കോൺഗ്രസിൽ അതൃപ്തി. ഇത്തരക്കാരുടെ പേരുകൾ ചർച്ചയാകുന്നത് പോലും ഗുണം ചെയ്യില്ലെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എം ലിജുവിന്റെ പേര് സജീവ പരിഗണനയിലാണെന്ന് കെ സുധാകരൻ പരസ്യമാക്കിയത് ഈ സ്ഥാനാർത്ഥികളെ തടയാനാണെന്നും സൂചനയുണ്ട്.എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണനെ കേരളത്തിൽ നിന്ന് രാജ്യസഭയിലേയ്ക്ക് എത്തിക്കാൻ നീക്കമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് കെ സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കിയത്. കെ കരുണാകരൻ കേന്ദ്ര മന്ത്രിയായിരിക്കെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിതനായ ശ്രീനിവാസൻ പിന്നീട് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥ പട്ടികയിലേയ്ക്ക് ചേക്കേറുകയായിരുന്നു.എന്നാൽ യുവാക്കൾ എന്നതിനപ്പുറം യുവത്വവും പരിചയ സമ്പന്നതയും ഒത്തു ചേർന്ന വ്യക്തികളെ സ്ഥാനാർത്ഥിയാക്കാനാണ് സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നതെന്നാണ് നേതാക്കളുടെ വിശദീകരണം. ന്യൂനപക്ഷ വിഭാഗത്തിന് അവസരം നൽകുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും അത്തരത്തിലുള്ല പരിഗണനകൾ അനാവശ്യ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് ഇപ്പോൾ നേതൃത്വം അഭിപ്രായപ്പെടുന്നത്. രാജ്യസഭാ സ്ഥാനാർത്ഥി ചർച്ചയ്ക്കായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.അതേസമയം തിരഞ്ഞെടുപ്പിൽ തോറ്റവരെ പരിഗണിക്കരുതെന്നും തോറ്റവർ അതാത് മണ്ഡലങ്ങളിൽ പോയി പ്രവർത്തിക്കട്ടെയെന്നും എം ലിജുവിനെതിരെ കെ മുരളീധരൻ സോണിയാ ഗാന്ധിക്ക് കത്ത് നൽകി. ക്രിയാത്മകമായി ചർച്ചയിൽ പങ്കെടുക്കാൻ കഴിവുള്ളവർ, ഭാഷാ പ്രാവീണ്യമുള്ളവർ എന്നിവരെയാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.