അന്ധവിദ്യാർത്ഥിയെ പീഡിപ്പിച്ച സ്കൂൾ ജീവനക്കാരൻ പിടിയിൽ; പണം നൽകി കേസ് ഒതുക്കാൻ ശ്രമം, പുറത്തറിയിക്കരുതെന്ന് ഹെഡ്മാസ്റ്റർ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്ത്
ഇടുക്കി: കുടയത്തൂരിൽ പ്രായപൂർത്തിയാകാത്ത അന്ധവിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ ജീവനക്കാരനായിരുന്ന രാജേഷ് ആണ് പിടിയിലായത്. തെളിവ് നശിപ്പിക്കാൻ പെൺകുട്ടിയുടെ സഹോദരനോട് പ്രതി ആവശ്യപ്പെട്ടിരുന്നു.പണം നൽകി കേസ് ഒതുക്കി തീർക്കാൻ സ്കൂൾ മാനേജ്മെന്റ് ശ്രമിച്ചിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദ രേഖ പുറത്തുവന്നിട്ടുണ്ട്. കേസ് പുറത്തറിയിക്കരുതെന്ന് ഹെഡ്മാസ്റ്റർ ആവശ്യപ്പെടുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്.
തൊടുപുഴ ഭാഗത്ത് പ്രവർത്തിക്കുന്ന വിദ്യാലയത്തിലാണ് പെൺകുട്ടി പഠിച്ചത്. ഈ കാലയളവിലാണ് സ്കൂൾ ജീവനക്കാരനായ രാജേഷ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്. കുട്ടി ഇത് സുഹൃത്തുക്കളോടും മറ്റും പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.കുടുംബം പരാതിയുമായി മുന്നോട്ട് നീങ്ങുന്നുവെന്ന് മനസിലാക്കിയതോടെ പണം നൽകി കേസ് ഒതുക്കി തീർക്കാൻ സ്കൂൾ മാനേജ്മെന്റ് ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ കുട്ടിയേയും കുടുംബത്തെയും വിളിച്ചുവരുത്തി പണം നൽകിയതായി റിപ്പോർട്ടുകൾ ഉണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഒഫ് ബ്ലൈൻഡ് എന്ന സംഘടനയാണ് ഡിജിപിക്ക് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.