മുൻ മന്ത്രിയെ വെട്ടിക്കൊന്ന കേസിലെ പ്രതി, കേരള പൊലീസിന്റെയും ഉറക്കം കെടുത്തി: സ്റ്റാലിന്റെ പൊലീസ് നെഞ്ചിൽ വെടിവച്ചു കൊന്ന നീരാവി മുരുകൻ ആരും ഭയക്കുന്ന കൊടും ക്രിമിനൽ
ചെന്നൈ: തമിഴ്നാട് പൊലീസിന്റെ വെടിയേറ്റുമരിച്ച തൂത്തുക്കുടി പുതിയമ്പത്തൂർ നീരാവി മുരുകൻ പൊലീസ് പോലും പേടിച്ചിരുന്ന കൊടും ക്രിമിനൽ. മുൻ മന്ത്രിയെ പട്ടാപ്പകൽ വെട്ടിക്കാെന്നശേഷം ഒരു കൂസലുമില്ലാതെ നാട്ടിൽ വിരാജിക്കുകയായിരുന്നു മുരുകൻ. കൊലപാതകങ്ങളും മോഷണവും തട്ടിക്കൊണ്ടുപോകലും പിടിച്ചുപറിയുമായി ഇയാൾക്കെതിരെ അറുപതിലധികം കേസുകളാണ് ഉണ്ടായിരുന്നത്. കേരളത്തിലും ആന്ധ്രയിലും കേസുകളുണ്ട്. തോക്കും മൂച്ചയുള്ള ആയുധങ്ങളും കാണിച്ച് സ്ത്രീകളെ കൊള്ളയടിക്കുന്നതാണ് ഇയാളുടെ ഇഷ്ടവിനോദം. ഉറങ്ങുമ്പോൾ പോലും ഇയാളുടെ പക്കൽ മൂർച്ചയേറിയ ആയുധം ഉണ്ടാവും.2004-ൽ തമിഴ്നാട്ടിലെ മുൻ നിയമമന്ത്രിയായിരുന്ന അലാഡി അരുണയുടെ കൊലപാതകമാണ് മുരുകൻ ഉൾപ്പെട്ട ഏറ്റവും വലിയ കുറ്റകൃത്യം. കൊലപാതകത്തിനുപിന്നിലെ ബുദ്ധികേന്ദ്രവും മുരുകനായിരുന്നു. ദിണ്ടിഗലിലെ ഒഡൻഛത്രത്ത് ഒരു ഡോക്ടറുടെ വസതിയിൽ നിന്ന് 40 പവൻ സ്വർണം മോഷ്ടിച്ച കേസിൽ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് തിരുനെൽവേലി ജില്ലയിലെ കളക്കാട് മുനിസിപ്പാലിറ്റി പ്രദേശത്ത് മുരുകൻ ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചത്. പൊലീസിനെ തീരെ ഭയമില്ലെന്നും രക്ഷപ്പെടാൻ എന്ത് ഹീനമാർഗവും മുരുകൻ സ്വീകരിക്കുമെന്ന് നന്നായി അറിയാമായിരുന്ന പൊലീസ് സംഘം എല്ലാ കരുതലോടെയുമാണ് ഒളിവുകേന്ദ്രം വളഞ്ഞത്. പൊലീസിന്റെ പ്രതീക്ഷ തെറ്റിയില്ല; കണ്ടമാത്രയിൽ കയ്യിലുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. ആക്രമണത്തിൽ നാലുപൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് ഭയന്നു എന്ന് വ്യക്തമായതോടെ രക്ഷപ്പെടാനായി മുരുകന്റെ ശ്രമം. വേറെ വഴിയില്ലെന്ന് കണ്ടതോടെ ഓപ്പറേഷന്റെ ചുമതലയുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ എസക്കിരാജ വെടിവയ്ക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ മുരുകൻ അപ്പോൾ തന്നെ മരിച്ചു. കഴിഞ്ഞവർഷവും രണ്ട് കൊടുംക്രിമിനലുകളെ തമിഴ്നാട് പൊലീസ് വെടിവച്ചുകൊന്നിരുന്നു.