മാസ്ക് മാറ്റാൻ വരട്ടെ; വരാനിരിക്കുന്നത് കൊവിഡിന്റെ നാലാം തരംഗം? ബാധിക്കുന്നത് ഏഷ്യൻ രാജ്യങ്ങളെ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലോകമെന്പാടുമുള്ള കൊവിഡ് കേസുകൾ കുറഞ്ഞു വരികയായിരുന്നു. അതിനാൽ തന്നെ പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങളിലും ഇളവുകൾ വരുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മാസ്ക് നിർബന്ധമല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നമ്മുടെ സർക്കാരും കാര്യമായ ആലോചനകൾ തുടങ്ങിയത്. ഈ വാർത്തകൾ ജനങ്ങളുടെ സാധാരണ ജീവിതം തിരികെ കൊണ്ടുവരുമെന്ന പ്രതീക്ഷകളും നൽകിയിരുന്നു. എന്നാൽ മാസ്ക്കൊക്കെ മാറ്റാൻ വരട്ടെ. വളരെ ഗൗരവകരമായ ഒരു മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തു വന്നിരിക്കുകയാണ്.
കൊവിഡ് 19 ന്റെ പുതിയ കേസുകളിൽ ഉടൻതന്നെ വൻ വർദ്ധനയുണ്ടാകുമെന്ന മുന്നറിയിപ്പുമായാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. കൊവിഡ് വ്യാപനം വീണ്ടും ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. കൊവിഡിന്റെ ഒരു തരംഗം കൂടി നാം പ്രതീക്ഷിക്കണം. പ്രത്യേകിച്ച് അത് ബാധിക്കാൻ പോകുന്നത് ഏഷ്യൻ രാജ്യങ്ങളെയായിരിക്കും. ഈ മഹാമാരി ഇനിയും അവസാനിച്ചിട്ടില്ലെന്നും ജനങ്ങൾ കാര്യമായി തന്നെ കരുതൽ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പല രാജ്യങ്ങളിലും കൊവിഡ് പരിശോധന കുറവായതിനാൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം എല്ലായിടത്തും കുറവാണ്. അതിനാൽ തന്നെ ഇപ്പോൾ ഈ കാണുന്നത് വലിയൊരു മഞ്ഞു മലയുടെ അഗ്രം മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.
കൊവിഡിന്റെ കാര്യത്തിൽ എല്ലാ രാജ്യങ്ങളും ജാഗരൂകരായിരിക്കണം. വാക്സിനേഷനും കൊവിഡ് ടെസ്റ്റുകളും തുടരണം. ആരോഗ്യ പ്രവർത്തരുടെയും പ്രായമായവരുടെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. വാക്സിനേഷൻ എത്രയും വേഗം പൂർത്തിയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞയാഴ്ച മാത്രം എട്ടു ശതമാനം വർദ്ധനയാണുണ്ടായ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ മുന്നറിയിപ്പ്. കേസുകളുടെ എണ്ണം വർദ്ധിക്കുമ്പോഴും മരണ നിരക്ക് കുറഞ്ഞിരിക്കുന്നത് ആശ്വാസകരമാണ്. മരണ നിരക്ക് ഏകദേശം 17 ശതമാനം കുറഞ്ഞുവെന്നാണ് സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം ചൈനയിൽ റിപ്പോർട്ട് ചെയ്തത് മൂവായിരത്തിലധികം കേസുകളാണ്. തൊട്ടു മുമ്പത്തെ ദിവസത്തെ കണക്കിന്റെ ഇരട്ടിയാണിത്. 17 ദശലക്ഷം ജനസംഘ്യയുള്ള ഷെൻഷൻ നഗരമുൾപ്പടെ ചൈനയുടെ ചില നഗരങ്ങൾ ലോക്ഡൗണിലാണ്. അതേസമയം ഇന്ത്യയുടെ ദിനം പ്രതിയുള്ള കേസുകൾ ഇപ്പോഴും 3000ൽ താഴെ തുടരുകയാണ്.