പുനീതിനെ അവസാനമായി കണ്ടു! ജന്മദിനത്തിൽ നിറകണ്ണുകളോടെ ആരാധകർ; ‘ജെയിംസ്’ ആദ്യ പ്രതികരണങ്ങൾ പുറത്ത്
പുനീത് രാജ്കുമാർ മരിക്കുന്നതിന് മുമ്പ് അവസാനമായി അഭിനയിച്ച ചിത്രം ‘ജെയിംസ്’ ഇന്ന് തീയേറ്ററുകളിൽ എത്തി. അദ്ദേഹത്തിന്റെ ജന്മദിനമായതിനാലാണ് ഇന്ന് ചിത്രം റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. ഈ ചിത്രം റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി ഒരാഴ്ച കന്നഡയിലെ മറ്റ് ചിത്രങ്ങളുടെ തീയേറ്റർ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. പുനീതിന്റെ ആരാധകരെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ളതും എന്നാൽ വിഷമമേറിയതുമായ അനുഭവമാണ് ഈ ചിത്രം.തങ്ങളുടെ പ്രിയ താരത്തെ അവസാനമായി ഒന്നുകൂടെ ബിഗ് സ്ക്രീനിൽ കാണാൻ കഴിഞ്ഞു എന്ന സന്തോഷത്തിലാണ് ചിലർ. എന്നാൽ മറ്റു ചിലരാകട്ടെ ഏറെ വിഷമത്തോടെയാണ് ചിത്രം കണ്ട ശേഷം സമൂഹ മാദ്ധ്യമങ്ങളിൽ അനുഭവം കുറിക്കുന്നത്. പുനീതിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസായ ‘ജെയിംസി’ന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ ആകർഷകമായ രീതീയിലുള്ല അഭിനയം, ഡയലോഗ് ഡെലിവറി എന്നിവ മികച്ചതാണെന്നാണ് പ്രേക്ഷകർ എടുത്തു പറയുന്നത്. അതോടൊപ്പം ആക്ഷൻ റോളുകളിൽ എത്തിയ ശിവയുടെയും രാഘവേന്ദ്ര രാജ്കുമാറിന്റെയും കഥാപാത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടി. ‘പുനീത് രാജ്കുമാർ ഷോ’ എന്നാണ് ആരാധകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.ഒരു കന്നഡ ചിത്രത്തിന് ലഭിക്കുന്നതിൽ വച്ച് ഏറ്റവും വലിയ തീയേറ്റർ കൗണ്ടുമായാണ് ‘ജെയിംസ്’ എത്തിയിരിക്കുന്നത്. ഈ ചിത്രം കെജിഎഫിനെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ. കന്നഡ ആരാധകർ മാത്രമല്ല ഇന്ത്യയൊട്ടാകെ ഈ ചിത്രം കാണണമെന്ന് ട്രേഡ് അനലിസ്റ്റായ രമേശ് ബാലയും ട്വീറ്റ് ചെയ്തു.