കെ എസ് ആർ ടി സിക്ക് ഇരട്ടി പ്രഹരം; സാമ്പത്തിക സഹായം 50 നിന്ന് 30 കോടിയിലേക്ക് വെട്ടിച്ചുരുക്കി ധനവകുപ്പ്
കൊച്ചി: ഡീസൽ വില എണ്ണക്കമ്പനികൾ കുത്തനെ കൂട്ടിയതിന് പിന്നാലെ കെ എസ് ആർ ടി സിക്കുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി ധനവകുപ്പ്. പ്രതിമാസം 50 കോടി രൂപയായിരുന്നു നൽകിയിരുന്നത്. ഇത് 30 കോടിയായി വെട്ടിച്ചുരുക്കാനാണ് ധനവകുപ്പിന്റെ തീരുമാനം.ഇന്ധനവിലയും ശമ്പള പരിഷ്കരണത്തിന്റെ ബാദ്ധ്യതയും വായ്പകളുടെ തിരിച്ചടവുമൊക്കെയുള്ള സാഹചര്യത്തിൽ സാമ്പത്തിക സഹായം കൂടെ വെട്ടിച്ചുരുക്കുന്നത് കെ എസ് ആർ ടി സിക്ക് ഇരട്ടിപ്രഹരമാണ്.വൻകിട ഉപഭോക്തക്കളുടെ പട്ടികയിൽപ്പെടുത്തി കെ എസ് ആർ ടി സിക്കുള്ള ഡീസലിന് ഒറ്റയടിക്ക് ലീറ്ററിന് 21 രൂപയാണ് വർദ്ധിപ്പിച്ചത്. എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ ഹൈക്കോടതിയെ വ്യാഴാഴ്ച തന്നെ സമീപിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജു നിർദേശം നൽകി.രണ്ടു ഘട്ടങ്ങളിലായി 27.88 രൂപയാണ് ഡീസലിന് കൂട്ടിയത്. പ്രതിമാസം 25 കോടിയുടെ അധിക ബാദ്ധ്യത വരുത്തിവയ്ക്കുന്ന പ്രതിസന്ധി മറികടക്കാൻ സ്വകാര്യ പമ്പുകളെ ആശ്രയിക്കാൻ തീരുമാനമുണ്ടെങ്കിലും ഇത് ശാശ്വത പരിഹാരമല്ല.