വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്തു; കാലിക്കറ്റ് സർവകലാശാലയിലെ അദ്ധ്യാപകനെ സർവീസിൽ നിന്ന് പുറത്താക്കി
കോഴിക്കോട്: കാലിക്കറ്റ് സർവകാലാശാല ക്യാമ്പസിലെ ലൈംഗിക പീഡന ആരോപണത്തിന് വിധേയനായ അദ്ധ്യാപകൻ ഡോ കെ ഹാരിസിനെ സർവീസിൽ നിന്ന് പുറത്താക്കി. സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഹാരിസിനെതിരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് കാട്ടി വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹാരിസിനെ പുറത്താക്കിയത്.ഇന്നു ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. 2021 ജൂലൈയിലാണ് ഡോ കെ ഹാരിസിനെതിരെ ഗവേഷക വിദ്യാർത്ഥിനി ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പരാതി നൽകിയത്. ഈ പരാതി ആഭ്യന്തര പരാതി പരിഹര സെല്ല് പരിശോധിക്കുകയും അദ്ധ്യാപകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിനെ തുടർന്ന് ഇയാളെ സസ്പെൻഡും ചെയ്തിരുന്നു. ഇതിനെ പിന്നാലെയാണ് നിരവധി പെൺകുട്ടികൾ പരാതിയുമായി രംഗത്തെത്തിയത്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സിൻഡിക്കേറ്റ് ഈ അദ്ധ്യാപകനെ പുറത്താക്കാൻ തീരുമാനിച്ചത്. 2021 ജനുവരിയിലാണ് ഇയാൾ സർവീസിൽ പ്രവേശിക്കുന്നത്.