ഒരിക്കലും നീ കല്യാണം കഴിക്കരുതെന്ന് നിത അംബാനി, കാണുമ്പോഴൊക്കെ കല്യാണത്തിന് നിർബന്ധിച്ച് മമ്മൂട്ടി: ഈ പെൺകുട്ടി ആരെന്നറിയുമോ
ഏതു വിശേഷ അവസരങ്ങളിലും ക്യാമറക്കണ്ണുകൾക്ക് പ്രിയങ്കരിയാണ് നിത അംബാനി. വസ്ത്രധാരണത്തിൽ എപ്പോഴും തന്റെതായ പ്രത്യേകതകൾ കൊണ്ടുവരാൻ നിത ശ്രദ്ധിക്കാറുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും സമർത്ഥരായ ഫാഷൻ ഡിസൈൻർമാരാണ് നിത അംബാനിക്ക് വേണ്ടി വസ്ത്രങ്ങൾ തയ്യാറാക്കുന്നത്. ഇക്കൂട്ടത്തിൽ ഒരു മലയാളി പെൺകുട്ടിയുമുണ്ടെന്ന് എത്രപേർക്കറിയാം?മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ കുഞ്ചന്റെ മകൾ സ്വാതിയാണ് നിത അംബാനിയുടെ പ്രിയപ്പെട്ട പേഴ്സണൽ സ്റ്റൈലിസ്റ്റ്. വരയ്ക്കാനുള്ള കുട്ടിക്കാലത്തെ വാസനയാണ് സ്വാതിയെ ഫാഷൻ ഡിസൈനിംഗ് ലോകത്തേക്ക് എത്തിച്ചത്. അതോടൊപ്പം മറ്റുള്ളവരെ സുന്ദരിയോ സുന്ദരനോ ആക്കുന്നതിലും സ്വാതി ഏറെ തൽപരയായിരുന്നു. അങ്ങനെയാണ് പ്ളസ്ടുവിന് ശേഷം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജിയിൽ ചേരാൻ തീരുമാനിച്ചത്. കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം ഫെമിനയിൽ ഫാഷൻ ഡിസൈനറായി ജോയിൻ ചെയ്തു.ലോകത്തെമ്പാടുമുള്ള ഡിസൈനർമാർ തയ്യാറാക്കി നിതയ്ക്കായി എത്തിക്കുന്ന കനത്തവിലയുള്ള വസ്ത്രങ്ങളിൽ ഏത് വേണമെന്ന് തീരുമാനിക്കുന്നത് സ്വാതിയാണ്. അതിൽ തന്റെ ആശയങ്ങളും ചേർത്താകും സ്വാതി ഫൈനൽ ഡിസൈൻ തീരുമാനിക്കുക. മുംബയിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസിലാണ് സ്വാതിക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.നിതയെ കുറിച്ച് സ്വാതിയുടെ വാക്കുകൾ-‘നിത അംബാനി വിനീത സ്വഭാവമുള്ളയാളാണ്. മിക്കപ്പോഴും ആന്റിലിയയിലെ വസതിയിലായിരിക്കും അവരുടെ ഫോട്ടോഷൂട്ട്. ആദ്യ സുരക്ഷാ പരിശോധനയെല്ലാം കഴിഞ്ഞ് അകത്തു കയറിയപ്പോൾ ഞാൻ അന്തം വിട്ടുപോയി. നമുക്ക് വേണ്ടതെല്ലാം ആ വീട്ടിലുണ്ട്. ഒരു നിലയിൽ നിതയുടെ വസ്ത്രങ്ങളുടെ കാര്യം നോക്കാൻ വേണ്ടി മാത്രം പത്ത് ജീവനക്കാരാണുള്ളത്. ഷെനെ, പ്രാത, ഗുച്ചി തുടങ്ങിയ ബ്രാൻഡുകൾ മാത്രമേ അവർ ഉപയോഗിക്കൂ. എല്ലാം ഒരു ഷോപ്പിന്റെ അതേ അളവിൽ അവരുടെ വീട്ടിൽ തന്നെ ലഭിക്കും. അതിൽ നിന്നും യോജിച്ച ഒരെണ്ണം കണ്ടെത്തുന്നതാണ് വലിയ ജോലി.എപ്പോഴും ഒരു മെന്ററെ പോലെയാണ് നിത. വളരെയധികം കെയർ ചെയ്യും. ഒരിക്കൽ എന്നോട് പറഞ്ഞു നീ ഒരിക്കലും കല്യാണം കഴിക്കരുതെന്ന്. തനിക്ക് ഒരുപാട് കഴിവുകളുണ്ട്. അത് ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കണം. ഇനി മുപ്പതുകളുടെ അവസാനത്തിൽ ഒരു പങ്കാളി വേണമെന്ന് തോന്നിയാൽ മാത്രം അപ്പോൾ കല്യാണത്തെ കുറിച്ച് ആലോചിച്ചാൽ മതി.പക്ഷേ മമ്മൂട്ടി അങ്കിൾ നേരെ തിരിച്ചാണ് (മമ്മൂട്ടിയും കുഞ്ചനും കുടുംബ സുഹൃത്തുക്കളും അയൽക്കാരുമാണ്). കഴിഞ്ഞമാസം ഞാൻ വീട്ടിൽ പോയപ്പോൾ ഉടനെയൊരു ചോദ്യം. നീ കെട്ടുന്നില്ലേ? ഇങ്ങനെ പൊങ്ങി നിന്നാൽ മതിയോ എന്ന്. ഇല്ല അങ്കിൾ ഒരു വർഷം കൂടി കഴിഞ്ഞു മതിയെന്ന് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. അച്ഛന് പ്രായമായി വരികയല്ലേ? കല്യാണം കഴിഞ്ഞ് നീ എന്തുവേണമെങ്കിലും പഠിച്ചോ, അതാണ് നല്ലത്’.